എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിന പരേഡിൽ ആവേശ തിരമാലകൾ തീർക്കാൻ കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ

New Update
water metro

കൊച്ചി: ജനുവരി 26 ന് കർത്തവ്യപഥിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും സാങ്കേതിക പുരോഗതിയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ കേരളത്തിൻ്റെ അഭിമാന പ്രതീകമായി വാട്ടർ മെട്രോയും ഇടം നേടും.

Advertisment

കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിലെ ട്രെയ്ലര്‍ യൂണിറ്റിലാണ് ടെര്‍മിനലോടുകൂടിയ പൂര്‍ണ്ണ വലുപ്പത്തിലുള്ള വാട്ടര്‍ മെട്രോ ബോട്ട് പുന: സൃഷ്ടിച്ചിരിക്കുന്നത്.

കായലിനോട് ചേർന്നുകിടക്കുന്ന പത്ത് ദ്വീപുകളിലെ ജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കുന്ന ഈ പദ്ധതി, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ മാതൃകയായാണ് അവതരിപ്പിച്ചിട്ടുള്ളത്.

വാട്ടർ മെട്രോയ്ക്ക് പുറമെ, സമൂഹത്തിന്റെ നാനാതുറകളിലുള്ള യാത്രക്കാരെയും, കേരളത്തിന്റെ ശുചിത്വ പരിപാലനത്തിൽ കരുത്തായി നിലകൊള്ളുന്ന 'ഹരിതകർമ്മ സേനയെയും' ഈ യൂണിറ്റിൽ ആവിഷ്കരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും നിശ്ചലദൃശ്യത്തിന്റെ ഭാഗമാണ്.
ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്.

കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഗ്രാമീണ സൗന്ദര്യവും ഇതൊടൊപ്പം അവതരിപ്പിക്കുന്നു. ഡിജിറ്റല്‍ സാക്ഷരതയിലൂടെ നേടുന്ന ജീവിതസമൃദ്ധിയെയാണ് പ്രതിപാദിക്കുന്നത്.

1996 മുതല്‍ പതിനാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഇടം നേടുന്നത്.
വിവിധ സംസ്ഥാനങ്ങൾ ഒരുക്കുന്ന 17 നിശ്ചലദൃശ്യങ്ങൾക്കൊപ്പം മന്ത്രാലയങ്ങളുടെ 13 ഫ്ലോട്ടുകളും ചേർന്ന് മൊത്തം മുപ്പത് ഫ്ലോട്ടുകൾ കർത്തവ്യപഥിൽ അണിനിരക്കും.

Advertisment