തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി സിറ്റി സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌

New Update
p rajeev press meet

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) സിറ്റി സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തിൽ ജി.സി.സി സിറ്റികൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ താൽപര്യപത്രം കേരളം ഒപ്പിട്ടു. 

ലോകത്ത് ഏറ്റവുമധികം ജി.സി.സികൾ സ്ഥാപിച്ചിട്ടുള്ള എഎൻഎസ്ആറുമായാണ് കേരളം താൽപര്യപത്രം ഒപ്പുവെച്ചത്. 

ഇതിന്റെ തുടർച്ചയിൽ കോഴിക്കോടും ജി.സി.സി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും ലോകത്തെ മുൻനിര കമ്പനികൾക്ക് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ ഒരുക്കുന്ന എ. എൻ. എസ്. ആർ കേരളത്തിലും എത്തുന്നത് വ്യവസായ ലക്ഷ്യ കേന്ദ്രം എന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

1.18 ലക്ഷം കോടിയുടെ നിക്ഷേപ താൽപര്യപത്രം

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി മന്ത്രി അറിയിച്ചു. 14 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. 

അമേരിക്ക, യു.കെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്. 

രാംകി ഇൻഫ്രാസ്ട്രക്‌ചർ - 6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് 100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യൂവൽസ് - 1000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് -5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് - 1000 കോടി (ഡാറ്റ സെൻ്റർ), ഡെൽറ്റ എനർജി-1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് - 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്‌ചർ -1300 കോടി, കാനിസ് ഇൻ്റർനാഷണൽ -2500 കോടി (എയ്റോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി - 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്.

മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻ്റർ, എമർജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളാണ് ഇവയെല്ലാം.

തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കും  

താൽപര്യപത്രത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താല്പര്യപത്രങ്ങളിൽ 24 ശതമാനം നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 

ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്. ഇ.എസ്.ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു.

ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സി.ഇ.ഒ മാരുമായി തന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതൽ ചർച്ച നടത്തിയിരുന്നു. ഇതിൽ വിവിധ കമ്പനികളുടെ 22 സി. ഇ. ഒ മാർ പങ്കെടുത്തു. 

കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. ഇതുവഴി പ്രധാന കമ്പനികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്താൻ കഴിഞ്ഞു.

കഴിഞ്ഞ ദാവോസ് സമ്മേളനത്തിൽ കേരളത്തിൻ്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ ഇത്തവണ അത് താൽപര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താനായി എന്നും മന്ത്രി  പറഞ്ഞു.

നിക്ഷേപകർ കേരളത്തിലേക്ക് 

ദാവോസിൽ നിന്ന് തിരിച്ചെത്തിയ ശേഷം  ആദ്യമായി പങ്കെടുത്തത്, മെഡിക്കൽ ഡിവൈസ്   ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട  ലോകത്തെ 42 പ്രധാന കമ്പനികളുമായുള്ള ചർച്ചയിലാണ്. 

നെടുമ്പാശ്ശേരിയിൽ നടന്ന യോഗത്തിൽ  22 വിദേശ കമ്പനികൾ ആണ് ഉണ്ടായിരുന്നത്. നേരത്തെ കേരളം ലോകത്തിനു മുന്നിലേക്കാണ് പോയിരുന്നത് എങ്കിൽ ഇപ്പോൾ കേരളത്തെ തേടി നിക്ഷേപകർ ഇങ്ങോട്ട് വരുന്ന സാഹചര്യമാണുള്ളത്. 

ഇതിൽ പല കമ്പനികളും കേരളത്തിൽ  പ്രൊഡക്ഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അനുകൂല നിലപാടാണ്  സ്വീകരിച്ചത്. അവരുടെ ബോർഡുകളുടെ അംഗീകാരത്തോടുകൂടി  വൈകാതെ തന്നെ തുടർ ധാരണാപത്രങ്ങളിലേക്ക് കടക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

പത്തടിപ്പാലം  റസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ  വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും പങ്കെടുത്തു. 

വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് അഞ്ച് അംഗ പ്രതിനിധി സംഘമാണ് ഇത്തവണത്തെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്.

Advertisment