ലോഞ്ചിങ്ങിലേക്ക് ഒരു പടി അടുത്ത് പുതിയ വാർത്താ ചാനലായ ബിഗ് ടി.വി. ബിഗ് ടിവിയുടെ ലോഗോ പ്രകാശനം ഇന്ന്. ബിഗ് ടിവി എത്തുന്നത് പതിവ് വാർത്താ ശീലങ്ങളെ മാറ്റിമറിക്കാൻ, വാർത്താ ലോകത്ത് കരുത്തുറ്റ കാഴ്ചപ്പാടുമായി. ട്വൻ്റി ഫോറിനും റിപോർട്ടറിനും ഇല്ലാതെ പോകുന്ന നല്ല കണ്ടൻ്റുകൾ ഉൾക്കൊളളിക്കാൻ ബോധപൂർവം ശ്രമിക്കണമെന്നു ഫൗണ്ടിങ്ങ് ഡയറക്ടർ അനിൽ അയിരൂർ. ബിഗ് ടിവിയുടെ വരവ് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ മലയാള വാർത്താ ചാനലുകളിൽ അവസാനിക്കുന്നില്ല

വിപണിയിലെ മത്സരത്തെ നേരിടാൻ തക്കവണ്ണം പ്രാപ്തമായില്ലെങ്കിൽ ട്വൻ്റി ഫോർ ന്യൂസിൻ്റെ നില പരുങ്ങലിലാകും

New Update
1001643711

കൊച്ചി: ലോഞ്ചിങ്ങിലേക്ക് ഒരു പടി അടുത്ത് പുതിയ വാർത്താ ചാനലായ ബിഗ് ടി.വി.

Advertisment

ബിഗ് ടിവിയുടെ ലോഗോ പ്രകാശനം ഇന്നു വൈകിട്ട് നാലിന് ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

മാഞ്ഞുകിടക്കുന്ന വലിയ വാസ്തവങ്ങളിലേക്ക് വാർത്തയുടെ ഉൾക്കാമ്പ് തേടിക്കൊണ്ട്, ഇതാ മാറ്റത്തിൻ്റെ പുതിയ തുടക്കം എന്നാണ് ലോഗോ പ്രകാശനം അറിയിച്ചു കൊണ്ടുളള കാർഡിൽ പറഞ്ഞിരിക്കുന്നത്.

ചാനലിലേക്ക് വന്ന മാധ്യമ പ്രവർത്തകരുടെ ഗ്രൂമിങ്ങ് ക്യാമ്പിന് വ്യാഴാഴ്ച ആലപ്പുഴയിൽ തുടക്കമായിരുന്നു.

ബിഗ് ടിവി കേരളാ ഫൗണ്ടിങ്ങ് ഡയറക്ടർ അനിൽ അയിരൂരിൻ്റെയും ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ്റെയും നേതൃത്വത്തിലാണ് ഗ്രൂമിങ്ങ് ക്യാമ്പ് നടക്കുന്നത്.

പുതിയ വാർത്താ ചാനൽ എന്ന നിലയിൽ ബിഗ് ടിവിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും മലയാള മാധ്യമ രംഗത്ത് സ്വീകരിക്കാൻ പോകുന്ന സമീപനം എന്താണെന്നും അനിൽ അയിരൂർ വിശദീകരിച്ചു.

വിവിധ ചാനലുകളിൽ നിന്ന് എത്തിയവരെ ഒരുമിച്ചിരുത്തി പുതിയ ടീമായി മാറ്റുന്നതിൻ്റെ ഭാഗമായി പരിചയപ്പെടുത്തലും കൂടിച്ചേരലുകളും ഗ്രൂമിങ്ങ് ക്യാമ്പിൻ്റെ ഭാഗമായി നടന്നു.

ലക്ഷ്യമിട്ട മാധ്യമ പ്രവർത്തകരിൽ നല്ലൊരു വിഭാഗത്തെ ചാനലിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് അനിൽ അയിരൂർ ക്യാമ്പിൽ സംസാരിക്കുമ്പോൾ അവകാശപ്പെട്ടു.

ട്വൻ്റി ഫോറിൻ്റെയും റിപോർട്ടർ ടിവിയുടെയും വാർത്താ പ്രക്ഷേപണ ശൈലിയിലെ ന്യൂനതകളും പോരായ്മകളും പരിഹരിച്ചു കൊണ്ടുളള അവതരണ രീതിയായിരിക്കും ബിഗ് ടിവി നടത്താൻ പോകുന്നത്.

ട്വൻ്റി ഫോറിനും റിപോർട്ടറിനും ഇല്ലാതെ പോകുന്ന നല്ല കണ്ടൻ്റുകൾ ഉൾക്കൊളളിക്കാൻ ബോധപൂർവം ശ്രമിക്കണമെന്നും അനിൽ അയിരൂർ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, ബിഗ് ടിവിയുടെ വരവ് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ മലയാള വാർത്താ ചാനലുകളിൽ അവസാനിക്കുന്നില്ല.

മാതൃഭൂമി ന്യൂസിൽ നിന്ന് ബിഗ് ടിവിയിലേക്ക് എത്തുമെന്ന് ഉറപ്പ് നൽകിയ ആര്യാ പി.നായർ അവസാന നിമിഷം പിന്മാറി.

മാതൃഭൂമിയിലെ പ്രധാന അവതാരകയായ മാതു സജി റിപോർട്ടറിലേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് ആര്യാ പി.നായർ പിന്മാറിയത് എന്നാണ് സൂചന. 

മാതു ചാനൽ വിടുമ്പോൾ മാതൃഭൂമി ന്യൂസിൻ്റെ രാത്രി ചർച്ചാ പരിപാടിയായ സൂപ്പർ പ്രൈം ടൈമിൽ ആര്യക്ക് അവസരം നൽകാമെന്ന് ചാനൽ മാനേജുമെൻറ് ഉറപ്പ് നൽകിയിട്ടുമുണ്ട്.

ഏപ്രിലിൽ നടക്കുന്ന ശമ്പള വർദ്ധനവിൽ കാര്യമായ പരിഗണന നൽകാമെന്ന ഉറപ്പും ആര്യയുടെ പിന്മാറ്റത്തിന് പ്രേരണയായിട്ടുണ്ട്.

മൂന്ന് ദിവസം മുൻപ് മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ചാനലിലെ മാധ്യമ പ്രവർത്തകരുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു.

പുതിയ ചാനലായ ബിഗ് ടിവിയും റിപോർട്ടർ ടിവിയും ഓഫർ ചെയ്യുന്ന വൻശമ്പളം വാഗ്ദാനം ചെയ്ത് ജീവനക്കാരെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് ശ്രേയാംസ് കുമാർ അറിയിച്ചു.

നൂറും ഇരുനൂറും കോടിയുടെ കളളപ്പണം വെളുപ്പിക്കാൻ ചാനൽ നടത്തുന്നവരോട് ശമ്പള കാര്യത്തിൽ മത്സരിക്കാൻ വ്യവസ്ഥാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന മാതൃഭൂമി പോലൊരു സ്ഥാപനത്തിന് കഴിയില്ല.

102 കൊല്ലം പഴക്കമുളള സ്ഥാപനമാണ് മാതൃഭൂമിയെന്നും അദ്ദേഹം ജീവനക്കാരോടായി പറഞ്ഞു.

ഏപ്രിലിൽ ശമ്പളം വർദ്ധിപ്പിക്കുന്ന സമയത്ത് ചാനലിനൊപ്പം നിന്ന ജീവനക്കാർക്ക് നല്ല വർദ്ധനവ് നൽകുമെന്നും ശ്രേയാംസ് കുമാർ യോഗത്തിൽ ഉറപ്പ് നൽകി.

റേറ്റിങ്ങിൽ മുന്നിൽ എത്താനിയില്ലെങ്കിലും സ്ഥാപനത്തിൻ്റെ പാരമ്പര്യം കളഞ്ഞുകുളിക്കുന്ന ശൈലിയിലേക്ക് പോകരുതെന്നും ശ്രേയാംസ് കുമാർ ജീവനക്കാരോട് ആവശ്യപ്പെട്ടു.

 ചാനൽ വിട്ട മാതുവിനെ പരോക്ഷമായി വിമർശിക്കാനും ശ്രേയാംസ് കുമാർ മറന്നില്ല. വലിയ ഓഫർ വാങ്ങിവന്ന ശേഷം സ്ഥാപനത്തോട് വിലപേശാൻ ചിലർ തയാറായി, അതിനൊന്നും വഴങ്ങാൻ കഴിയില്ലെന്നായിരുന്നു മാതുവിനെ ഉന്നം വെച്ചുളള ശ്രേയാംസിൻ്റെ പരാമർശം.

ബിഗ് ടിവിയുടെ വരവ് സൃഷ്ടിച്ച പ്രകമ്പനങ്ങളിൽ വലിയ ആൾ നഷ്ടം നേരിട്ട ട്വൻ്റി ഫോർ ന്യൂസിൽ നിന്ന് ഇപ്പോഴും ആളൊഴുക്ക് നിലച്ചിട്ടില്ല.

വിജയകുമാറും മുന്ന് റിപോർട്ടർമാരും പോയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് മാധ്യമ പ്രവർത്തകർ കൂടി രാജിവെച്ചിട്ടുണ്ട്.

ഡസ്കിൽ നിന്ന് ഒരാളും കോഴിക്കോട് ബ്യൂറോയിലെ റിപോർട്ടറുമാണ് രാജി വെച്ചത്.

ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുളളിൽ ട്വൻ്റി ഫോർ ന്യൂസിൽ നിന്ന് രാജിവെച്ച മാധ്യമ പ്രവർത്തകരുടെ എണ്ണം 35 കടന്നു.

 ട്വൻ്റി ഫോറിലെ ആകെ മാധ്യമ പ്രവർത്തകരിൽ മൂന്നിലൊന്നിലേറ പുറത്തുപോയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

റിപോർട്ടർ ടിവിയുടെ റീലോഞ്ച് സമയത്ത് പോലും ട്വൻ്റി ഫോർ ഇത്രവലിയ കൊഴിഞ്ഞപോക്ക് ഉണ്ടായിട്ടില്ല.

മാധ്യമ പ്രവർത്തകരെ കൂടാത എഡിറ്റർമാരും ഓൺലൈൻ വീഡിയോ സ്വിച്ചർമാരും ക്യാമറമാൻമാരും ചാനൽ വിട്ടുപോയിട്ടുണ്ട്.

 ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് ട്വൻ്റിഫോർ ന്യൂസ് ഡസ്കിൻ്റെയും ന്യൂസ് ബ്യൂറോകളുടെയും പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.

 പതിനഞ്ചിലേറെ പുതിയ ജീവനക്കാരെ എടുത്തെങ്കിലും അവരിൽ ബഹുഭൂരിപക്ഷവും പരിചയ സമ്പത്ത് ഉളളവരെ മുഖ്യധാരയിൽ പ്രവർത്തിച്ചിട്ടുളളവരോ അല്ല.

സ്ഥിതി ഇത്രകണ്ട് ഗുരുതരമായിട്ടും ജീവനക്കാരെ അഭിസംബോധന ചെയ്യാനോ ശമ്പളം വർദ്ധിപ്പിക്കുമെന്നോ ഉറപ്പ് നൽകാനോ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ തയാറായിട്ടില്ല.

 ഇത് സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്കിടയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

കൊഴിഞ്ഞ് പോക്കിൽ അസ്വസ്ഥനായ ശ്രീകണ്ഠൻ നായർ പൊതുവേദികളിൽ ചാനൽ വിട്ടവരെ വിമർശിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ബിഗ് ടിവി കൂടി സംപ്രേഷണം തുടങ്ങുന്ന ഘട്ടത്തിലുളള സമ്മർദ്ദം അതിജീവിക്കാൻ കഴിയുന്ന ടീം ഇപ്പോൾ ട്വൻ്റിഫോറിലില്ല.

 വിപണിയിലെ മത്സരത്തെ നേരിടാൻ തക്കവണ്ണം പ്രാപ്തമായില്ലെങ്കിൽ ട്വൻ്റി ഫോർ ന്യൂസിൻ്റെ നില പരുങ്ങലിലാകും. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ജില്ലാ കോടതിയുടെ ഉത്തരവ് വന്നത് റിപോർട്ടർ ടിവിക്ക് നല്ല ക്ഷീണമായിട്ടുണ്ട്.

റിപോർട്ടർ മാനേജുമെൻ്റിന് എതിരായ വിധി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള എല്ലാ ചാനലുകളും വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയതാണ് കാരണം.

Advertisment