/sathyam/media/media_files/2026/02/17/actress-attack-case-convicts-2026-02-17-06-48-43.jpg)
കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഇന്ന് ഒൻപത് വർഷം തികയുന്നു.സിനിമാ- രാഷ്ട്രീയ രംഗങ്ങളെ ഒരുപോലെ ഇളക്കിമറിച്ച സംഭവം സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല.
ജനപ്രിയ നടൻ ദിലീപ് അറസ്റ്റിലായതോടെയാണ് കേസിൻെറ മാനം മാറിയത്. ചലച്ചിത്ര രംഗത്തെ തെറ്റായ പ്രവണതകളെ കുറിച്ചുളള ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ച കേസിൽ സെഷൻസ് കോടതിയുടെ വിധി വന്നെങ്കിലും നിയമപോരാട്ടം ഇനിയും തുടരും എന്ന് വ്യക്തമാണ്.
നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷ്യൻ ഈയാഴ്ച്ച അപ്പീൽ നൽകും. 2017 ഫെബ്രുവരി 17 നാണ് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ നടി ആക്രമിക്കപ്പെട്ടത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന വാഹനത്തിൽ വെച്ച് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
നടനും സംവിധായകനുമായ ലാലിൻെറ മകൻെറ ചിത്രത്തിൻെറ ഡബിങ്ങിന് വരുമ്പോഴാണ് ആക്രമണം നടന്നത്.ആക്രമവും മാനഭംഗപ്പെടുത്തലും ബലാത്സംഗ ക്വട്ടേഷനാണെന്നാണ് പോലീസ് കണ്ടെത്തിയത്.
ഷൂട്ടിങ്ങ് സെറ്റിൽ വാഹനം ഓടിക്കുന്ന പൾസർ സുനിയാണ് നടിയെ ആക്രമിക്കാനും മാനഭംഗപ്പെടുത്തലിനും നേതൃത്വം നൽകിയത് പൾസർ സുനിക്കൊപ്പം സഹായികളായി നേരിട്ട് പ്രവർത്തിച്ച മറ്റ് 5 പേർ കൂടി കേസിൽ പ്രതികളായി.
പൾസറിനും കൂട്ടർക്കും ബലാത്സംഗ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
നടൻ ദിലീപിനെ പ്രതിച്ചേർത്ത് വിചാരണ നടപടികൾ ആരംഭിച്ചു. എന്നാൽ എട്ട് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ 2025 ഡിസംബർ 8 ന് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞു.
എട്ടാം പ്രതി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ഒന്ന് മുതൽ ആറു വരെയുളള പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചെങ്കിലും നടൻ ദിലീപ് കുറ്റവിമുക്തനായത് വൻചർച്ചയായി.നടിയെ ആക്രമിച്ച സംഭവം ബലാത്സംഗ ക്വട്ടേഷൻ തെളിയിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ പരാജയപെട്ടതാണ് ദിലീപിന് രക്ഷയായത്.
പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.രാമൻപിളളയായിരുന്നു നടൻ ദിലീപീവന് വേണ്ടി വാദിച്ചത്.പൂർണ നീതി ലഭിച്ചിട്ടില്ലെന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം.
പോരാട്ടം തുടരുമെന്നും അവർ വിധിയോടുളള പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.നടിയെ ആക്രമിച്ച സംഭവം മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.
ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായി വിമൻസ് കളക്ടീവ് ഇൻ സിനിമ അഥവാ ഡബ്ള്യു.സി.സി എന്ന സംഘടനയുടെ രൂപീകരണത്തിന് തന്നെ കാരണം ആയത് നടിക്ക് നേരെ നടന്ന ആക്രമണമാണ്.
മലയാള സിനിമയിലെ പുരഷാധിപത്യത്തിൻെറയും വനിതാ ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും ഒന്നൊന്നായി പുറത്തുവരുന്നതിനും നടിയെ ആക്രമിച്ച സംഭവം ഇടയാക്കി.
ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളും വിവരങ്ങളും പുറത്തുവന്നതോടെ സിനിമയില സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചു.
വർഷങ്ങളെടുത്തുളള മൊഴിയെടുപ്പിനും പരിശോധനക്കും ശേഷം ഹേമ കമ്മിറ്റി റിപോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ നടപടിയെടുത്തില്ല.
റിപോർട്ടിൻെറ മുഴുവൻ പുറത്തുവരുന്നതിനും വേണ്ടിയും വലിയ പോരാട്ടം നടന്നു. ഒടുവിൽ വിവരാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് റിപോർട്ടിൻെറ എല്ലാ ഭാഗവും വെളിച്ചം കണ്ടത്. റിപോർട്ട് വെളിച്ചം കണ്ടെങ്കിലും അതിലെ നിർദ്ദേശങ്ങളും ശുപാർശകളും ഇനിയും നടപ്പിലായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us