/sathyam/media/media_files/2026/02/21/vd-satheesan-press-meet-2-2026-02-21-15-54-52.jpg)
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും സംസ്ഥാനത്ത് നടക്കുന്നത് എന്ന് വിഡി സതീശൻ പറഞ്ഞു.
ഒറ്റപ്പെട്ട ആയിരക്കണക്കിന് സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ആരോഗ്യരംഗത്തെ സിസ്റ്റം പൂര്‍ണമായും തകര്‍ന്നു.
ബ്ലാക് സ്റ്റോണ്‍ പോലുള്ള വലിയ കമ്പനികള്‍ ഒരു കിടക്കയ്ക്ക് രണ്ടര കോടി രൂപ നല്‍കിയാണ് ആശുപത്രികള്‍ ഏറ്റെടുക്കുന്നത്. ഇതോടെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും.
ഈ സാഹചര്യത്തില്‍ പൊതുആരോഗ്യ സംവിധാനം തകരാതെ നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊതുആരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനാണ് യു.ഡി.എഫ് ആരോഗ്യ കോണ്‍ക്ലേവ് നടത്തി നയരേഖ പ്രകാശനം ചെയ്തത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമുണ്ടാകും. ഏത് സ്വകാര്യ മേഖലയോടും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന തരത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ സംവിധാനം ഉണ്ടാക്കും.
സംസ്ഥാനത്ത് വ്യാപകമായി സിസ്റ്റത്തിന്റെ തകരാര്‍ ആവര്‍ത്തിക്കുകയാണ്. അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പല ആശുപത്രികളിലും ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിന് നിര്‍മ്മിച്ച കെട്ടിടം വെറുതെ കിടക്കുകയാണ്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും ആളില്ല.
പല മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫര്‍ ചെയ്യുകയാണ്. ആരോഗ്യരംഗത്ത് ഒരു മാറ്റവും ഉണ്ടാക്കാതെ വാചകമടി മാത്രമാണ് നടന്നത് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us