/sathyam/media/media_files/xS3uhsuGb6xGxOIO0xgX.jpg)
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെ റിപ്പോര്‍ട്ടര്‍ ടിവി എന്ന സാറ്റലൈറ്റ് ചാനല്‍ നടത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാബു എം. ജേക്കബ് കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി റിപ്പോര്‍ട്ടര്‍ ടിവിയുടെ ബ്രോഡ്കാസ്റ്റ് അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.ജെ. ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുകുട്ടി അഗസ്റ്റിന്‍, ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഡയറക്ടര്‍മാരായ നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കൂടിയാണ് ഹര്‍ജി.
രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്കിംഗ് ഡൗണ്‍ലിങ്കിംഗ് ചട്ടങ്ങള്‍ ലംഘിച്ച് ചാനലിന്റെ ഉടമസ്ഥതയും പ്രവര്‍ത്തനവും അനധികൃതമായി നടത്തുന്നുവെന്നതാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
എം.വി.നികേഷ് കുമാറും, റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം ചാനല്‍ നടത്തിപ്പിന് ബ്രോഡ്കാസ്റ്റ് ലൈസന്‍സ് നല്‍കിയതെന്നും, റിപ്പോര്‍ട്ടര്‍ ടിവിയുടെ ട്രേഡ് മാര്‍ക്കിന്റെ ഉടമ എം.വി.നികേഷ് കുമാറുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിയുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തി ചാനലിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് അഗസ്റ്റ്യന്‍ സഹോദരന്മാര്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചുവെന്നും ഹര്‍ജില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രായലയത്തിന്റെ നടപടികളെ മറികടന്ന് ചാനലിന്റെയും ട്രേഡ് മാര്‍ക്കിന്റെയും നിയന്ത്രണം കരസ്ഥമാക്കാന്‍ അഗസ്റ്റ്യന്‍ സഹോദരന്മാര്‍ സ്വീകരിച്ച വളഞ്ഞ വഴിയാണ് കെ.ജെ. ജോസിനെ മാനേജിംഗ് ഡയറക്ടറാക്കി രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെന്നും ഈ നടപടികള്‍ 2022 ലെ ബ്രോഡ്കാസ്റ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഹര്‍ജിയിലൂടെ വ്യക്തമാക്കി.
ചാനലിന്റെ ഔദ്യോഗിക വെബ് സൈറ്റിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥരെന്ന് വ്യക്തമാക്കുന്നു.
ആന്റോ അഗസ്റ്റിന്‍ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററും, റോജി അഗസ്റ്റിന്‍ ചെയര്‍മാനും, ജോസുകുട്ടി അഗസ്റ്റിന്‍ വൈസ് ചെയര്‍മാനുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 ലെ മാംഗോ ഫോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിലും 2021 ലെ വയനാട് മുട്ടില്‍ മരം മുറി കേസിലും പ്രതികളാണിവരെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.
കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗാര്‍മന്റ്‌സ് ലിമിറ്റഡിന് കേന്ദ്ര സര്‍ക്കാരിന്റെ അന്വോഷണ ഏജന്‍സിയായ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പ്രസിഡന്റായ ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണം നടത്തുന്ന എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതെന്ന വ്യാജ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി നിരന്തരം സംപ്രേഷണം ചെയ്തിതിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സാബു എം. ജേക്കബ് പെരുമ്പാവൂര്‍ സബ് കോടിതിയില്‍ മാനഷ്ട കേസ് നല്‍കുകയും കോടതി കിറ്റെക്‌സിനും, സാബു എം.ജേക്കബിനും എതിരെ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലിനെ വിലക്കിക്കൊണ്ട് ഉത്തരവിടുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി നോട്ടീസും നല്‍കി.
ചാനല്‍ നടത്തിപ്പിനുള്ള ലൈസന്‍സ് ഇല്ലാതെ വ്യാജ വാര്‍ത്തകള്‍ മാത്രം സംപ്രേക്ഷണം ചെയ്യുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ സത്വര നടപടി സ്വീകരിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അന്തിമ വിജയം വരെ നിയമ പോരാട്ടം തുടരുമെന്നും സാബു ജേക്കബ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us