'കേരള സ്റ്റോറി 2' സിനിമയിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണം. 'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി

സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാൻ അവസരമൊരുക്കുന്നതിൽ നിന്ന് നിർമാതാക്കൾ ഒഴിഞ്ഞു മാറിയെന്നും കോടതി വിമർശിച്ചു.

New Update
the kerala story 2

കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. 

Advertisment

ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ട്രെയ്‌ലറിലടക്കം കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കാണിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. 

സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാൻ അവസരമൊരുക്കുന്നതിൽ നിന്ന് നിർമാതാക്കൾ ഒഴിഞ്ഞു മാറിയെന്നും കോടതി വിമർശിച്ചു.

കേരളത്തിന്റെ മതസൗഹാർദത്തെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും കോടതി വിലയിരുത്തി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. 

സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. 

ഒരു പ്രദേശത്തെ ജനതയെ ഒന്നാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദി കേരള സ്റ്റോറി 2’. കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.

തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. 

Advertisment