'മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനം'. സ്പാർക്ക്‌ ഡാറ്റാ ചോർച്ചയിൽ ഹൈക്കോടതി ഇന്നും വിശദമായ വാദം കേൾക്കും

കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നാണ് സർക്കാർ വാദം.

New Update
highcourt

 കൊച്ചി: സ്പാർക്ക്‌ ഡാറ്റാ ചോർച്ചയിൽ ഹൈക്കോടതി ഇന്നും വിശദമായ വാദം കേൾക്കും. ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്നും എപ്പോഴാണ് മെസ്സേജ് അയക്കേണ്ടത് എന്നുള്ളത് സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം ഹരജിക്കാരോട് ചോദിച്ചിരുന്നു.

Advertisment

എന്നാൽ, സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ അല്ല പ്രശ്നമെന്നും ഹരജിക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക്‌ പേരുൾപ്പെടെയുള്ള മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനമാണെന്നും ഡാറ്റാ മെയിനിങ് നടന്നിട്ടുണ്ടെന്നും സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ ഐടി മിഷന് ഇത്തരത്തിൽ സന്ദേശങ്ങൾ ഒരേസമയം അയക്കാൻ സാധിക്കില്ലെന്നും ഔദ്യോഗിക വിവരങ്ങൾ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചുവെന്നുമാണ് ഹരജിക്കാർ പറയുന്നത്. 

അതെ സമയം, വയനാട് പുനരധിവാസത്തിന്റെ ഭാഗമായി CMDRF ൽ സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാനുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

വയനാട്ടിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയക്കാൻ സർക്കാർ അനുമതി തേടിയത്. പ്രത്യേക അപേക്ഷ സമർപ്പിച്ചാൽ പരിശോധിക്കാമെന്നാണ് ഹൈക്കോടതിയുടെ മറുപടി. 

ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട ഹരജിയിൽ സർക്കാർ വാട്സപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ ഹൈക്കോടതി വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദേശം അയക്കാൻ സർക്കാർ ഹൈക്കോടതിയിൽ അനുമതി തേടിയത്. 

Advertisment