/sathyam/media/media_files/2026/03/03/jasliya-johnson-2026-03-03-18-03-51.png)
അങ്കമാലി: എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‍ലിയയ്ക്ക് നാടിന്റെ യാത്രാമൊഴി. നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്‍ലിയ മടങ്ങിയത്.
ജാസ്‍ലിയയയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് സഹപാഠികളായ വിദ്യാർഥിനികൾ അങ്കമാലി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഒളിവിൽ പോയ പ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല.
കഴിഞ്ഞ മാസം 28ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് പോകുമ്പോൾ ദേശീയപാതയിൽ അങ്കമാലി ടെൽക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമിത വേഗതയിൽ നിർത്താതെ പോയ കാർ കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ മകനും ഡോക്ടറുമായ സിറിയക് ആണ് മഹീന്ദ്ര എസ് യു വി കാർ ഓടിച്ചിരുന്നത്.
അപകടത്തിന് ശേഷം തുറവൂരിൽ വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. കോട്ടയത്തെ വീട് പൂട്ടിയ നിലയിലാണെന്നും കുടുംബ സമേതം ഇയാൾ ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാറിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി.
ജാസ്‍ലിയയുടെ കരൾ ആലുവ രാജഗിരിയിലും വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിനും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷനും കൈമാറി.
ജാസ്‍ലിയ പഠിക്കുന്ന അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലും വൈപ്പിൻ എടവനക്കാട്ടെ വീട്ടിലും നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സഹപാഠികളും അധ്യാപകരും ജസ്‍ലിയയ്ക്ക് കണ്ണീരോടെ യാത്രാമൊഴി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us