മുളന്തുരുത്തി. മേൽപ്പാലം പണികൾ പൂർത്തിയാക്കിയിട്ടും, അരദശാബ്ദക്കാലം പാലം മാത്രമായി റെയിൽ പാളത്തിന് മുകളിൽ ധ്യാനനിരതനായി നിന്ന മുളന്തുരുത്തി ചങ്ങോലപ്പാടം മേൽപ്പാലം അതുവഴി യാത്ര ചെയ്യുന്നവരുടെ കൗതുകക്കാഴ്ചയായിരുന്നു. നാടിന്റെ വികസനത്തിൽ, മലയാളിയുടെ "വികസന വേഗത" ലോകം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
ഇതുപോലുള്ള പദ്ധതികളുടെ കരാറുകൾ ഏറ്റെടുക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയും, പ്രവർത്തന പരിചയവും, മുൻകാലങ്ങളിൽ ഏറ്റെടുത്ത പദ്ധതികൾ ഉറപ്പ് കൊടുത്ത സമയത്ത് തന്നെയോ അതിന് മുൻപോ ചെയ്ത് കൊടുത്തിട്ടുണ്ടോ, വേണ്ടത്ര മനുഷ്യ വിഭവശേഷിയണ്ടോ, ജോലി തടസ്സം കൂടാതെ നടക്കാൻ അത്യാധുനിക യന്ത്രസാമഗ്രികൾ കൈവശം ഉണ്ടോ, സർവ്വോപരി സാങ്കേതിക വിദഗ്ധരും, പരിണിതപ്രഞ്ജരുമായ ഒരു ടീം മേൽനോട്ടത്തിന് ഉണ്ടോ എന്നെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി കരാർ കൊടുക്കുകയാണെങ്കിൽ നല്ലതായിരുന്നു എന്ന് മുളന്തുരുത്തിയിലെ ഒരു റസിഡന്റ്സ് അസോസിയേഷനിലെ അംഗം അഭിപ്രായപ്പെട്ടു.
കുരീക്കാട് മേൽപ്പാലം പണികൾ ആരംഭിയ്ക്കുന്ന അവസരത്തിൽ നല്ല സർവ്വീസ് റോഡുകൾ ഉറപ്പാക്കണമെന്നും, പാലം പണിയും, അപ്രോച്ച് റോഡ് നിമ്മാണവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാൽ നന്നായിരിക്കും എന്ന് ഒരു യാത്രക്കാരൻ കമന്റ് ചെയ്തു.
തലയോലപ്പറമ്പിൽ നിന്നും സീ പോർട്ട് എയർ പോർട്ട് റോഡിലേയ്ക്ക് ഉള്ള പ്രധാന പാതയാണ് മുളന്തുരുത്തി ചെങ്ങോലപ്പാടം വഴി കടന്ന് പോകുന്നത്. എത്രയോ പതിറ്റാണ്ടുകൾ മുമ്പേതന്നെ മേൽപ്പാലം വരേണ്ടതായിരുന്നു ഇവിടെ.!
അഭൂതപൂർവമായ വാഹനപ്പെരുക്കത്തിൽ മുളന്തുരുത്തിയും ചെങ്ങോലപ്പാടം ലെവൽക്രോസും നിത്യവും കുരുക്കിൽ പെടുകയായിരുന്നു. മേൽപ്പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡിന്റെ പണികൾ ഇപ്പോൾ നടക്കുകയുമാണ്.
ഇതുപോലുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കുമ്പോൾ തന്നെ, ഈ റൂട്ടുകളിൽ കൂടി പോകുന്ന വാഹനങ്ങൾ എങ്ങനെ അപ്പുറമിപ്പുറം കടക്കും എന്ന് വികസനനായകർ എന്ന മേൽവിലാസം ചാർത്തിക്കിട്ടിയവർ എന്തുകൊണ്ട് ആലോചിയ്ക്കുന്നില്ല എന്ന് മുളന്തുരുത്തിയിലെ ചില പൗരപ്രമുഖരും അഭിപ്രായപ്പെട്ടു.
അത് ചെങ്ങോലപ്പാടം മേൽപ്പാലം പണി ആയാലും, മെട്രോ റെയിൽ പണിയായാലും, കേരളത്തിലിങ്ങനെ തന്നെയേ സംഭവിയ്ക്കൂ എന്ന് അവർ കൂട്ടിച്ചേർത്തു.
മുളന്തുരുത്തിയിൽ നിന്നും ചോറ്റാനിക്കര ഭാഗത്തേയ്ക്ക് പോകുന്ന മേൽപ്പാലത്തിന് ഇരുവശവും ഉള്ള സർവ്വീസ് റോഡുകൾ ആദ്യമേ തന്നെ നല്ല നിലവാരത്തിൽ ടാർ ചെയ്ത് വാഹനഗതാഗതത്തിന് അനുയോജ്യമാണ് എന്ന് ഉറപ്പ് വരുത്തണമായിരുന്നു. മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് പണി കരാർ ചെയ്യുമ്പോൾ സർവ്വീസ് റോഡിന്റെ നിർമ്മാണം കൂടി ചേർത്ത് ടെൻഡർ ചെയ്യണമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
വാഹനങ്ങൾ, ചെങ്ങോലപ്പാടം മേൽപ്പാലത്തിന്റെ സർവ്വീസ് റോഡിൽ അപകടത്തിൽ പെടുത്തുന്നത് പതിവായിരിയ്ക്കുന്നു. ഇന്നലെ ഒരു സ്ത്രീ ഇരുചക്ര വാഹനവുമായി ഈ സർവ്വീസ് റോഡിലെ അഗാധ ഗർത്തങ്ങളിലൊന്നിൽ വീണ് മുങ്ങിപ്പൊങ്ങി.
വിവരങ്ങൾ അന്വേഷിയ്ക്കാൻ എത്തിയ നാട്ടുകാരുമായി കരാറുകാർ തർക്കമായി. മഴ നിർത്തി തന്നാൽ റോഡ് ശരിയാക്കാം എന്ന് പറഞ്ഞ് പഞ്ചായത്ത് മെമ്പർ മധുസൂദനെ കരാറുകാർ പരിഹസിയ്ക്കുകയുണ്ടായി.
ഇരുചക്ര യാത്രക്കാർ പതിവായി ഈ ഗർത്തങ്ങളിൽ പതിച്ച് പരിക്കേൽക്കാറുണ്ട്. ഒരടിയിലേറെ ആഴമുള്ള, കുളത്തിന് സമാനമായ രണ്ട് ഗർത്തങ്ങൾ സർവ്വീസ് റോഡിൽ ഭീഷണിയായി നിലനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കുഴിയിൽ ചാടാതെ വെട്ടിച്ച് പോകാൻ ശ്രമിയ്ക്കുമ്പോൾ പരിചയസമ്പന്നരായ ടൂവീലർകാരും കുഴിയിലെ വെള്ളത്തിൽ വീണ് കുളിയ്ക്കാറുണ്ട്.
വളരെ അടിയന്തിരമായി ഈ സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് മുളന്തുരുത്തിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും, ഓട്ടോറിക്ഷ, ടാക്സി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും, ചരക്ക് വാഹനങ്ങളുടെ അസോസിയേഷൻ ഭാരവാഹികളും പൗരജനങ്ങളും ഒന്നടങ്കം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു.