കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന പരിധിയിൽ വരുന്ന തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കിൽ സൈലേജ് തീറ്റ വിതരണം ചെയ്യുന്നു.
ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയിൽ പാക്കറ്റുകളിലാക്കിയാണ് നൽകുന്നത്.
ഇതിനു പുറമെ 2022-23 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തിൽ നിന്നും ലാഭവിഹിതമായി അംഗങ്ങള്‍ക്ക് മേഖലായൂണിയനിലുള്ള ഓഹരിയുടെ മൂന്ന് ശതമാനം കഴിഞ്ഞ മാസത്തെ പാ വിലയോടൊപ്പം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം.ടി ജയന്‍ അറിയിച്ചു.
പ്രാഥമിക ക്ഷീരസംഘത്തിൽ സംഭരിക്കുന്ന പാലിന്‍റെ 40 ശതമാനത്തിന് മുകളിൽ മേഖലാ യൂണിയന് നൽകുന്ന ക്ഷീരസംഘങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപ സബ്സിഡി നൽകും. ഈ സൈലേജ് ആവശ്യനുസരണം സംഘങ്ങളിൽ എത്തിച്ച് നൽകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
എറണാകുളം 6.82 രൂപ, തൃശ്ശൂര്‍ 6.72 രൂപ, കോട്ടയം 6.92 രൂപ, ഇടുക്കി 7.07 രൂപ എന്നിങ്ങനെയാണ് സബ്സിഡി നൽകിയതിനു ശേഷമുള്ള സൈലേജ് ഒരു കിലോഗ്രാമിന്‍റെ നിരക്ക്. സബ്സിഡി ഇല്ലാതെയും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം സൈലേജ് വിതരണം ചെയ്യുന്നതായിരിക്കും.
ക്ഷീരമേഖലയിലെ ഫാം കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 40 ലിറ്റര്‍ പാൽ സംഘത്തിൽ അളക്കുന്ന കര്‍ഷകര്‍ക്ക് നിശ്ചിത ചാര്‍ട്ട് വിലയേക്കാള്‍ 50 പൈസ കൂടി അധികവിലയായി നൽകുമെന്നും എം.ടി ജയന്‍ അറിയിച്ചു.