/sathyam/media/media_files/X2m8prYVmiPEq3nSUb1G.jpg)
കൊച്ചി: 'അമ്മയുടെ' അഴകൊഴമ്പന്‍ നിലപാട് തള്ളി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണത്തിനു പിന്നാലെ വൈസ് പ്രസിഡന്‍റ് ജഗദീഷ് രംഗത്തുവന്നതോടെ സംഘടന വേട്ടക്കാരുടെ പിന്നാലെ പോകില്ലെന്നുറപ്പായി.
സംഘടനാ നിലപാട് വ്യക്തവും സുതാര്യവുമായിരിക്കണമെന്ന അമ്മ എക്സിക്യൂട്ടീവിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറാകാതെ വന്നതോടെ തങ്ങളുടെ അഭിപ്രായം പരസ്യമായി പറയുമെന്ന നിലപാടിലേയ്ക്ക് ജഗദീഷും കൂട്ടരും എത്തുകയായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മീഷന് മൊഴി നല്‍കിയവരും ഡബ്ല്യുസിസിയും പറയുന്ന ആരോപണങ്ങള്‍ ആരുടെയും ഭാവനയില്‍ നിന്നും ഉണ്ടാവുന്നതായിരിക്കില്ലെന്നും അതിലൊക്കെ എന്തെങ്കിലും യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാകാതിരിക്കില്ലെന്നുമാണ് ജഗദീഷ് തുറന്നടിച്ചത്. ജനറല്‍ സെക്രട്ടറി സിദ്ദിഖ് മാധ്യമങ്ങളെ കണ്ടു പറഞ്ഞ നിലപാടുകള്‍ക്ക് നേരെ ഘടകവിരുദ്ധമാണ് മിനിട്ടുകള്‍ക്കുള്ളില്‍ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍.
ഡബ്ല്യുസിസിയുടെ ആരോപണങ്ങളും ഇരകളുടെ ആരോപണങ്ങള്‍ സംബന്ധിച്ചും തങ്ങള്‍ക്കറിയില്ല, പരാതിയില്ല, അറിഞ്ഞിട്ടില്ല എന്നീ തന്ത്രപരമായ മറുപടികളിലൊതുങ്ങിയായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം.
എന്നാല്‍ പറയാനുള്ളത് കൃത്യമായി പറഞ്ഞും അമ്മയെ കൂടുതല്‍ വേദനിപ്പിക്കാതെയും ഡബ്ല്യുസിസിയെ ചേര്‍ത്തുനിര്‍ത്തിയിും തികച്ചും പക്വതയോടെയായിരുന്നു ജഗദീഷിന്‍റെ പ്രതികരണം.
ഡബ്ല്യുസിസിയ്ക്ക് പരാതിയുണ്ടെങ്കില്‍ അതിലെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാകാം. പരാതി പറഞ്ഞതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ആര് നിഷേധിച്ചു ? എന്തിന് നിഷേധിച്ചു ? കാര്യം എന്താണ്.. എന്നൊക്കെ വെളിപ്പെടണമെങ്കില്‍ ഒരു അന്വേഷണത്തിലൂടെയെ കഴിയൂ എന്നാണ് ജഗദീഷ് പറഞ്ഞത്.
ഡബ്ല്യുസിസിയുടെ നിലപാടുകള്‍ അമ്മയെ ശക്തിപ്പെടുത്താനാണെന്നുകൂടി പറഞ്ഞുവച്ചതോടെ വനിതാ സംഘടനയുടെ നിലപാടുകള്‍ക്കൊപ്പമാണ് താനുള്‍പ്പെടെയുള്ളവരെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ജഗദീഷ്.
ഇതോടെ 'അമ്മയില്‍' ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കടുത്ത ഭിന്നത തന്നെയാണ് ഉടലെടുത്തിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല. അദ്ദേഹം ഉടനെ ഇതിനോട് പ്രതികരിക്കാനും സാധ്യതയില്ലെന്നാണ് സുചന. അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ആരോപണങ്ങളില്‍ പലതും എത്തിച്ചേരുന്നത് അമ്മയുടെ തലപ്പത്തെ ഉന്നതരിലേയ്ക്കുകൂടിയാണ്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളുടെ പ്രതിസ്ഥാനങ്ങളിലേയ്ക്ക് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ താരസംഘടനയായ അമ്മയ്ക്ക് ഇന്നു പറഞ്ഞ നിലപാടുകളുമായി ഇനിയും മുന്നോട്ടു പോകുക അസാധ്യമായിരിക്കും എന്നുറപ്പാണ്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ച ശേഷം ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് മലയാള സിനിമയിലെ ചില താരവിഗ്രഹങ്ങളുടെ തലവര തന്നെ മാറ്റി മറിയ്ക്കുവാന്‍ പോന്നതായിരിക്കും എന്നാണ് സൂചന.