/sathyam/media/media_files/Gr76IQqPdVzErAwGyOPn.jpg)
കൊച്ചി: കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അനുഭവസ്ഥര്‍ പറയുന്ന പരാതികള്‍ തള്ളിക്കളയാനാകില്ലെന്നും വേട്ടക്കാര്‍ പുറത്തുവരണമെന്നും തുറന്നടിച്ചതോടെ താരസംഘടനയ്ക്കുള്ളില്‍ പോര്‍മുഖം തുറന്ന് നടന്‍ ജഗദീഷ്. മോഹന്‍ലാല്‍ പ്രസിഡന്‍റ് ആയ 'അമ്മ'യുടെ വൈസ് പ്രസിഡന്‍റായ ജഗദീഷിന്‍റെ നിലപാട് തള്ളാനോ കൊള്ളാനോ ആകാതെ വെട്ടിലായിരിക്കുകയാണ് താരസംഘടന.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നശേഷം പ്രതികരിക്കാന്‍ അനാവശ്യ കാലതാമസം വരുത്തിയ താരസംഘടന ഒടുവില്‍ പ്രതികരിച്ചപ്പോള്‍ അത് സംഘടനയെ കൂടുതല്‍ പ്രതിരോധത്തിലുമാക്കി. സംഘടന സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഭാരവാഹികള്‍ക്കിടയില്‍ പോലും ഐക്യമില്ലാത്ത അവസ്ഥയുണ്ടായിരുന്നു.
വേട്ടക്കാരെ സംരക്ഷിക്കാന്‍ പാടില്ലെന്ന ചിലരുടെ നിലപാടിന് ഭാരവാഹികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആരോപണ വിധേയരും വേട്ടക്കാരും ഭാരവാഹികള്‍ക്കിടയില്‍ തന്നെ ഉണ്ടാകുമോ എന്ന ആശങ്ക സംഘടനയില്‍ ശക്തമാണ്.
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാട് തള്ളി അത്തരം ആരോപണങ്ങള്‍ തള്ളിക്കളയേണ്ടതല്ലെന്ന അഭിപ്രായമാണ് പറഞ്ഞത്.
വനിതാ സംഘടനയായ ഡബ്ല്യുസിസി പറഞ്ഞ ആരോപണങ്ങള്‍ ആരുടെയും ഭാവനകളൊന്നുമായിരിക്കില്ലെന്ന ജഗദീഷിന്‍റെ തുറന്നു പറച്ചില്‍ അമ്മയെ വെട്ടിലാക്കുന്നതാണ്.
യഥാര്‍ഥ വേട്ടക്കാര്‍ അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും അല്ലാത്തപക്ഷം നിരവധിപേര്‍ സംശയിക്കപ്പെടുമെന്നുമാണ് ജഗദീഷിന്‍റെ നിലപാട്. അത് ആരെയൊക്കെ ലക്ഷ്യംവച്ചാണെന്നത് വരാനിരിക്കുന്ന ദിവസങ്ങളില്‍ പുറത്തുവന്നേക്കും.
ഇതോടെ സംഘടനയുടെ തലപ്പത്ത് ഉള്ളവര്‍ പ്രതി സ്ഥാനത്തു വന്നാലും സംരക്ഷിക്കാന്‍ സംഘടന ഒറ്റക്കെട്ടായി ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ജഗദീഷ് നല്‍കിയിരിക്കുന്നത്. ഉപ്പു തിന്നവര്‍ വെളളം കുടിക്കട്ടെ എന്ന നിലപാടിലാണ് ജഗദീഷ്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ താരങ്ങള്‍ ഒറ്റയ്ക്കും കൂട്ടായുമൊക്കെ പ്രതികരിക്കാന്‍ രംഗത്തു വരുന്നുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമ്മയുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാലിന്‍റെ പ്രതികരണമാണ് എല്ലാവരും അന്വേഷിക്കുന്നത്.