/sathyam/media/media_files/0ctt9z4Ui82WpVMrCcEV.jpg)
കൊച്ചി: ഭാരവാഹിത്വം ഏറ്റെടുക്കാന്‍ അമ്മ സംഘടനയില്‍ നടന്മാര്‍ മടിച്ചുനില്‍ക്കുന്ന പ്രതിസന്ധി ഉടലെടുത്തു. അമ്മയുടെ നിലപാട് പറയാന്‍ പത്രസമ്മേളനം വിളിച്ച് മണിക്കൂറുകള്‍ക്കകം ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണം ഉയരുകയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ ജോയിന്‍റ് സെക്രട്ടറിയായ ബാബുരാജിന് പകരം ചുമതല കൈമാറിയെങ്കിലും ആ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പേ അദ്ദേഹത്തിനെതിരെയും ഗുരുതരമായ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
ഇപ്പോള്‍ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, നിലവിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം കൂടി അദ്ദേഹം രാജിവയ്ക്കേണ്ടി വരുമെന്നതാണ് അവസ്ഥ.
ആദ്യദിവസം ജനറല്‍ സെക്രട്ടറി സിദ്ദിഖിനൊപ്പം കൂടി അമ്മയെ ന്യായീകരിച്ച് രംഗത്തെത്തിയ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല മണിക്കൂറുകള്‍ക്കുള്ളില്‍ ഡബ്ല്യുസിസിയെ ന്യായീകരിച്ച് രംഗത്തെത്തി. തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെയും വന്നു ആരോപണം.
അമ്മ പ്രസിഡന്‍റ് ആയ സൂപ്പര്‍ താരം മോഹന്‍ലാല്‍ കടലിനും തീയ്ക്കും നടുവിലാണെന്ന് പറയുന്നതാകും ശരി. അദ്ദേഹത്തിന് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും വയ്യാത്തതാണ് സ്ഥിതി. തല്‍ക്കാലും മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് മോഹന്‍ലാലിന്‍റെ തീരുമാനം.
എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അടിയന്തിരമായി ആളെ കണ്ടെത്തേണ്ടി വരും. അല്ലാത്ത പക്ഷം സംഘടനയുടെ നിലപാട് പറയാന്‍ ആളില്ലെന്നതാകും സാഹചര്യം. അമ്മയ്ക്കു വേണ്ടി നിലപാട് പറയാന്‍ പോയാല്‍ തങ്ങള്‍ക്കെതിരെ പഴയ 'പുള്ളികള്‍' ആരെങ്കിലും രംഗത്തുവരുമോ എന്നതാണ് താരങ്ങള്‍ക്ക് സംശയം.
ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉടനടി പകരക്കാരനെ കണ്ടെത്തേണ്ട ഗതികേടിലാണ് അമ്മ. തലയില്‍ 'പപ്പ്' ഉള്ള ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഇനി ഇഷ്ടമില്ലെങ്കിലും വൈസ്‍ പ്രസിഡന്‍റുമാരിലൊരാളായ ജഗദീഷിനെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പദവി ഏല്‍പ്പിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.
മറ്റാരും ഇത് ഏറ്റെടുക്കാനും തയ്യാറല്ല. ജഗദീഷിനെ ചുമതല ഏല്‍പ്പിച്ചാല്‍ എന്താകും മറുപടി എന്നതും സംഘടനയെ ഭയപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഭാരവാഹിയാകാന്‍ ആളില്ലെന്നതാണ് താരസംഘടനയുടെ നിലവിലെ സ്ഥിതി. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ രാജിയും അധികം വിദൂരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.