/sathyam/media/media_files/Wtvg2ihRDhFGhazCXQTm.jpg)
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ താരസംഘടനയായ 'അമ്മയില്‍' വന്‍ അഴിച്ചുപണിക്ക് സാധ്യത. സംഘടന ഭാരവാഹികളും എക്സിക്യൂട്ടീവും രാജിവച്ച് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ പുതിയ ടീം നേതൃത്വം ഏറ്റെടുക്കുന്നതാണ് ആലോചനയില്‍.
ദിവസംതോറും കൂടുതല്‍ താരങ്ങള്‍ക്കെതിരെ സഹതാരങ്ങള്‍ പുതിയ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ സംഘടനാ നേതൃത്വം മൗനം പാലിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിന് പരിമിതികളുണ്ട്. അതിനാല്‍ പുതിയ നേതൃത്വം എന്ന ആലോചന സംഘടനയില്‍ ശക്തമാണ്.
ജഗദീഷാണ് താരം
നടന്‍ ജഗദീഷിനെ മുന്നില്‍ നിര്‍ത്തി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ് അലി, ഉര്‍വശി എന്നിങ്ങനെയുള്ള താരങ്ങള്‍ നയിക്കുന്ന പുതിയ പാനല്‍ ആണ് പരിഗണനയില്‍.
തുടക്കത്തില്‍ തന്നെ പക്വതയാര്‍ന്ന നിലപാട് പറഞ്ഞ് പൊതു ജനസമ്മതി നേടിയ ജഗദീഷിനെ പ്രസിഡന്‍റും കുഞ്ചാക്കോ ബോബനെ ജനറല്‍ സെക്രട്ടറിയുമാക്കിയുള്ള പുതിയ പാനലിനാണ് സാധ്യത. നടി ഉര്‍വശിയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും പരിഗണിച്ചേക്കും.
പിളര്‍പ്പൊഴിവാക്കാന്‍ !
അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ സംഘടന പിളരും എന്നതാണ് നിലവിലെ സാഹചര്യം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ അമ്മയുടെ ഭാരവാഹിത്വത്തിനായി മുതിര്‍ന്ന താരങ്ങള്‍ തമ്മില്‍ കടിപിടി ആയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ മിക്കവരും തയ്യാറല്ല.
ഈ സാഹചര്യത്തില്‍ അഴിച്ചുപണി ഇനി അനായാസം നടത്താം എന്നതാണ് അവസ്ഥ. അതിനു മുമ്പ് നിലവിലെ ഭാരവാഹികളുടെ കൂട്ടരാജി ഉണ്ടാകണം.
പകരം ഫോര്‍മുല
അതേസമയം ആഴ്ചകള്‍ക്കു മുമ്പുമാത്രം ചുമതലയേറ്റ ഭാരവാഹികള്‍ ഒന്നടങ്കം മാറുന്നതിനു പകരം പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ മാത്രം മാറ്റം വരുത്തിക്കൊണ്ടുള്ള അഴിച്ചുപണിയാണ് മറ്റൊരു വിഭാഗം നിര്‍ദേശിക്കുന്നത്.
ജഗദീഷിനെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും കുഞ്ചാക്കോ ബോബനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കും പരിഗണിക്കുന്ന കാര്യത്തില്‍ പൊതുവേ എതിര്‍പ്പുണ്ടാകില്ല.
മോഹന്‍ലാലിന്‍റെ പോംവഴികള്‍
എന്തായാലും കൃത്യതയും വ്യക്തതയുമുള്ള നിലപാട് പറയാതെ സംഘടനയ്ക്ക് മുന്നോട്ടുപാകാനാകില്ല എന്നതാണ് നിലവിലെ സ്ഥിതി. അമ്മ പ്രസിഡന്‍റായ മോഹന്‍ലാല്‍ പ്രതികരിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് ഒന്നുകില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകും, അല്ലെങ്കില്‍ പദവി ഒഴിയേണ്ടിവരും. ഈ വിഷയത്തില്‍ ലാലിനെ നിര്‍ബന്ധിച്ച് പദവി ഒഴിയുന്നതു തന്നെയാകും എളുപ്പം. അല്ലാതെ പ്രതികരിക്കാനിറങ്ങിയാല്‍ പിന്നീട് നിര്‍ബന്ധിത രാജിയും വേണ്ടിവന്നേക്കാം.