Advertisment

ബുക്കുചെയ്ത മുറികൾ നൽകിയില്ല, ഓയോയ്ക്ക് 1.10 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കോടതി

കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയിൽ ഹോട്ടലിൽ ചെന്നവർക്ക് ബുക്കിങ് പ്രകാരമുള്ള റൂമുകൾ നിഷേധിച്ചത് കാരണം മറ്റൊരു ഹോട്ടൽ കണ്ടുപിടിക്കാൻ ആ രാത്രിയിൽ ഏറെ സഞ്ചരിക്കേണ്ടി വന്നുവെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.

New Update
2356677788

കൊച്ചി: ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷൻ മുഖേന മുൻകൂർ മുറികൾ ബുക്ക് ചെയ്തിട്ടും അത് നൽകാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Advertisment

കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊന്നിച്ച് രാത്രിയിൽ ഹോട്ടലിൽ ചെന്നവർക്ക് ബുക്കിങ് പ്രകാരമുള്ള റൂമുകൾ നിഷേധിച്ചത് കാരണം മറ്റൊരു ഹോട്ടൽ കണ്ടുപിടിക്കാൻ ആ രാത്രിയിൽ ഏറെ സഞ്ചരിക്കേണ്ടി വന്നുവെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകിയത്.

ഓയോ റൂംസ് എന്ന ഓൺലൈൻ സ്ഥാപനം, കൊല്ലത്തെ മംഗലത്ത് ഹോട്ടൽ എന്നിവർക്കെതിരെ കൊച്ചിയിലെ അഭിഭാഷകനായ കെ.എസ്. അരുൺ ദാസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾക്കൊള്ളുന്ന പത്ത് അംഗ സംഘത്തിന് താമസിക്കാൻ ആണ് 2933/- രൂപ നൽകി പരാതിക്കാരൻ കൊല്ലത്തെ മംഗലത്ത് ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയപ്പോൾ മുറികൾ നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ല.

ഒരു റൂമിന് 2,500/- രൂപ വീതം അധികനിരക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി രാത്രി യാത്രചെയ്ത് മറ്റൊരു ഹോട്ടൽ കണ്ടുപിടിക്കേണ്ടി വന്നു.

താനും കുടുംബവും അനുഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് കാരണം എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 

ഓയോ റൂംസ് എന്ന സ്ഥാപനവുമായി നിലവിൽ ധാരണ ഇല്ലെന്ന് ഹോട്ടലുടമ കോടതി മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ ഈ വാദം തെളിയിക്കാൻ കഴിഞ്ഞില്ല. "വിശ്വാസവഞ്ചനയാണ് എതിർകക്ഷികൾ പരാതിക്കാരൻ്റെ കുടുംബത്തോട് കാണിച്ചത്. ഇതുമൂലം ധനനഷ്ടം മാത്രമല്ല ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിക്കേണ്ടിവന്നു എന്നത് വ്യക്തമാണ്.

അന്തസ്സോടെയും ആഥിത്യ മര്യാദയോടെയും ആണ് ഉപഭോക്താക്കളോട് പെരുമാറേണ്ടതെന്ന എതിർകക്ഷിയെ ബോധ്യപ്പെടുത്താൻ മാത്രമല്ല, ഉപഭോക്താവിന് നീതി ലഭ്യമാക്കാൻ കൂടിയാണ് ഈ ഇടപെടൽ എന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. അഭിഷേക് കുര്യൻ ഹാജരായി.

Advertisment