കൊച്ചി: മകൻ്റെ ഏഴാം ജന്മദിനം ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട സംഘത്തെ പാതിവഴിയിൽ വിലക്കി യാത്ര ദുരിതപൂർണമാക്കിയ വിമാന കമ്പനിക്കെതിരെ ശക്തമായി ഇടപെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
പാസ്പോർട്ടിന് ആറുമാസം കൂടി കാലവാധി ഉണ്ടായിരിക്കെ അതിൻ്റെ പേരിൽ സിംഗപ്പൂരിൽ കുടുംബത്തെ തടഞ്ഞുവച്ചു. പോരാത്തതിന് ഒപ്പം ഉണ്ടായിരുന്നവരുടെ ടിക്കറ്റുകളും റദ്ദാക്കി.
തെറ്റ് തിരിച്ചറിഞ്ഞ് പിന്നീട് വേറെ ടിക്കറ്റ് നൽകിയെങ്കിലും നാലുദിവസത്തെ യാത്ര പ്ലാൻ ചെയ്ത് പുറപ്പെട്ട കുടുംബത്തിന് വെറും രണ്ടുദിവസം മാത്രമേ സിംഗപ്പൂരിൽ ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ.
കൊച്ചിയിലെ അഭിഭാഷകനായ സി.എ മജീദ്, ഭാര്യ, മക്കൾ, 70 വയസുള്ള മാതാവ് ഉൾപ്പെടെ ഏഴംഗ കുടുംബമാണ് പുറപ്പെട്ടത്. ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
കൊച്ചിയിൽ നിന്നും വിമാനത്തിൽ കോലാലംപൂരിലെത്തിയപോൾ പരാതിക്കാരന്റെ ഭാര്യക്ക് സിംഗപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് വിലക്കി. പാസ്പോർട്ടിന്റെ കാലാവധി ആറുമാസം ബാക്കിയില്ല എന്നതാണ് കാരണമായി പറഞ്ഞത്.
വിസയും നിലവിൽ സാധുവായ പാസ്പോർട്ടും ഉണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പരിഗണിച്ചില്ല. തുടർന്ന് പരാതിക്കാരെ ഞെട്ടിച്ചുകൊണ്ട് സംഘത്തിലെ മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും ഏകപക്ഷീയമായി എയർലൈൻസ് റദ്ദാക്കി.
ഈ കടുത്ത നീക്കം ഉണ്ടായതോടെ പരാതിക്കാരന്റെ ഭാര്യ കുഴഞ്ഞുവീണു. വിശ്രമിക്കാൻ ആവശ്യമായ സൗകര്യവും അധികൃതർ നൽകിയില്ല. നീണ്ട ചർച്ചകൾക്കൊടുവിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് സമ്മതിക്കുകയും ഏറെ വൈകി മറ്റൊരു വിമാനത്തിൽ സംഘത്തെ സിംഗപ്പൂരിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ കോലാലംപൂരിൽ ഇറക്കിയ ലഗേജ് കാണാതായി. അവശ്യ സാധനങ്ങൾ ഇല്ലാത്തതിനാൽ പുതിയവ അധികവിലയ്ക്ക് വാങ്ങാൻ നിർബന്ധിതരായി. സിംഗപ്പൂരിൽ നാല് ദിവസം ചെലവഴിക്കണം എന്ന പ്ലാൻ രണ്ട് ദിവസമായി ചുരുക്കേണ്ടിവന്നു.
സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും അവലംബിച്ച എതിർകക്ഷികൾ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
ട്രാവൽ ഏജൻസി മാത്രമാണ് കോടതിയിൽ ഹാജരായത്. ടിക്കറ്റ് എടുത്തു നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും പരാതിക്കാർക്ക് സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് ഏജൻസി ഉത്തരവാദി അല്ലെന്നും അവർ ബോധിപ്പിച്ചു. എയർലൈൻസ് എക്സ് പാർട്ടിയായി.
വിമാന ടിക്കറ്റ് ഇഷ്യൂ ചെയ്തപ്പോൾ ഇത്തരത്തിൽ ഒരു തടസ്സവും വിമാനകമ്പനി ഉന്നയിച്ചില്ല എന്ന് പരാതിക്കാർ കോടതിയിൽ വ്യക്തമാക്കി. സിംഗപ്പൂർ വിമാന അധികൃതരും ഇത്തരമൊരു പ്രശ്നവും ഉന്നയിച്ചില്ല.
യാത്ര വിലക്കിയതിൽ തങ്ങളുടെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് രേഖാമൂലം എയർലൈൻസ് സമ്മതിച്ചുവെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. "മുതിർന്ന പൗരന്മാരും കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം അനുഭവിച്ച കടുത്ത മന:ക്ലേശവും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിക്കാൻ കോടതിക്ക് കഴിയില്ല."
സിംഗപ്പൂരിൽ നിശ്ചയിച്ച മകൻ്റെ ഏഴാംജന്മദിനം എന്ന അവിസ്മരണീയ നിമിഷങ്ങളെ അവതാളത്തിലാക്കിയ എതിർകക്ഷിയുടെ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി.
ഉപഭോക്താക്കളോട് അന്തസ്സോടെയും ആതിഥ്യ മര്യാദയോടെയും പെരുമാറേണ്ടവരാണ് എയർലൈൻസ്. എന്നാൽ, ഒരിക്കലും മറക്കാത്ത ദു:സ്വപ്നമാണ് ഈ കുടുംബത്തിന് കിട്ടിയത്.
പരാതിക്കാർക്ക് നീതി ലഭ്യമാക്കുക മാത്രമല്ല ഉപഭോക്താവിന്റെ അന്തസ് ഉയർത്തിപ്പിടിക്കുക കൂടിയാണ് ഈ വിധിയിലൂടെ കോടതി നിർവഹിക്കുന്നതെന്ന് ഡി.ബി ബിനു പ്രസിഡണ്ടും, വി. രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിൽ വിലയിരുത്തി.
7 പേർക്ക് ഓരോലക്ഷം രൂപ വീതം കണക്കാക്കി ആകെ 7 ലക്ഷം രൂപയും കോടതി ചിലവായി 25,000 രൂപയും നൽകാനാണ് കോടതി നിർദ്ദേശം.