കൊച്ചി: പന്ത്രണ്ടാമത് കേരള ട്രാവല്‍മാര്‍ട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍മാര്‍ട്ടായ കെടിഎം 24 ല്‍ 2860 ബയര്‍മാരും 347 സ്റ്റാളുകളുമാണുള്ളത്.
വ്യാഴാഴ്ച കൊച്ചിയിലെ ലെ മെറഡിയന്‍ ഹോട്ടലിലാണ് ഉദ്ഘാടനച്ചടങ്ങ്. സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും.
കേരള ടൂറിസത്തിന് നല്‍കിയ സംഭാവകളുടെ അംഗീകാരമായി മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. കേന്ദ്ര ടൂറിസം വകുപ്പ് അഡി. സെക്രട്ടറി സുമന്‍ ബില്ല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
കെടിഎം സൊസൈറ്റിയുടെ കാല്‍നൂറ്റാണ്ട് തികയുന്ന അവസരത്തില്‍ വലിയ പ്രതീക്ഷകളോടെയാണ് ട്രാവല്‍മാര്‍ട്ട് നടക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് 2,839 ബയര്‍മാര്‍ മാര്‍ട്ടിനെത്തുന്നത്. 2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം(1,305) ബയര്‍മാരെത്തിയത്. ഇക്കുറി ആഭ്യന്തര ബയര്‍മാര്‍ 2,035 ഉം 76 രാജ്യങ്ങളില്‍ നിന്നായി 804 വിദേശബയര്‍മാരുമുണ്ട്.
ഉദ്ഘാടനച്ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മൂന്ന് ദിവസത്തെ മാര്‍ട്ട് നടക്കുന്നത്.
വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും.
ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം. ആദ്യ രണ്ട് ദിവസവും പ്രവേശനം പാസു മൂലം നിയന്ത്രിതമായിരിക്കും.
കെടിഎം സൊസൈറ്റിയിലെ മുന്‍ പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയും ഉദ്ഘാടനച്ചടങ്ങില്‍ ആദരിക്കും. സെല്ലേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ നിര്‍വഹിക്കും.
കേരള ടൂറിസത്തെക്കുറിച്ച് വകുപ്പ് സെക്രട്ടറി കെ ബിജു അവതരണം നടത്തും. ഉത്തരവാദിത്ത ടൂറിസം എംഐസിഇ (മീറ്റിംഗ്സ്, ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്), വിവാഹ ഡെസ്റ്റിനേഷന്‍, ഉല്ലാസ നൗക ടൂറിസം തുടങ്ങിയവയാണ് ഇക്കുറി പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്.
ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ബാബു, കെ ജെ മാക്സി, ടി ജെ വിനോദ്, കെടിഡിസി ചെയര്‍മാന്‍ പി കെ ശശി, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ് സ്വാമിനാഥന്‍ നന്ദിയും പ്രകാശിപ്പിക്കും.
കേരള ടൂറിസം പ്രതിസന്ധിലായ എല്ലാ സമയത്തും ഈ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തിയത് കേരള ട്രാവല്‍ മാര്‍ട്ടാണ്.
2018 ലെ പ്രളയത്തിന് ശേഷവും 2020-21 ലെ കൊവിഡിനു ശേഷവും കേരള ടൂറിസത്തിന്‍റെ ആഗോള തലത്തിലുള്ള പുനരുജ്ജീവനത്തിന് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ നടത്തിപ്പ് ഏറെ സഹായകരമായിട്ടുണ്ട്.