/sathyam/media/media_files/Fc3gz8pVm6Jc6finXP7p.jpg)
കൊച്ചി: ബലാല്‍സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച നടന്‍ സിദ്ദിഖിന്‍റെ അറസ്റ്റ് വൈകിപ്പിക്കാന്‍ സിനിമാരംഗത്തെ പ്രബല വിഭാഗം രംഗത്ത്.
സുപ്രീം കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടുന്നതിനുള്ള സാവകാശം അനുവദിപ്പിക്കാനാണ് സര്‍ക്കാരുമായി അടുപ്പത്തിലുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ വഴി നീക്കം നടക്കുന്നത്.
എന്നാല്‍ ഇത്തരം നീക്കങ്ങളെ അപ്പാടെ തള്ളി താരത്തെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
സിദ്ദിഖ് ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നേടാന്‍ കഴിയുമോ എന്നാണ് ശ്രമം. സുപ്രീം കോടതിയും കൈവിട്ടാല്‍ താരം കീഴടങ്ങും എന്നാണ് മധ്യസ്ഥര്‍ വഴിയുള്ള ഇടപെടല്‍.
എന്നാല്‍ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ സിദ്ദിഖിന്‍റെ അറസ്റ്റോടെ മാധ്യമശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. അതിനാല്‍ അറസ്റ്റിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് നിര്‍ദേശം.
സിദ്ദിഖിനായി പോലീസ് വലവിരിച്ചിരിക്കുകയാണ്. അറസ്റ്റ് വൈകിയാല്‍ അത് പോലീസിനും നാണക്കേടാകും.