/sathyam/media/media_files/MYo5vznXuhnylH4e91PG.jpg)
കൊച്ചി: ലഹരിക്കടത്തിനും ലഹരി ഉപയോഗത്തിനും പേരുകേട്ട കുപ്രസിദ്ധ കുറ്റവാളിയുടെ ഹോട്ടല്‍ മുറിയില്‍ മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങള്‍ എത്തിയിരുന്നുവെന്ന പോലീസിന്‍റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്.
പ്രശസ്തനായ ന്യൂജെന്‍ നായകന്‍ ശ്രീനാഥ് ഭാസി, നായിക പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരുന്ന ഓം പ്രകാശിന്‍റെ മുറിയില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
മയക്കുമരുന്നു കടത്തും ഉപയോഗവും ഉള്‍പ്പെടെ രണ്ടര ഡസനിലേറെ കേസുകളില്‍ പ്രതിയാണ് ഓം പ്രകാശ്. മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ച് സിനിമ ലൊക്കേഷനിലും അഭിമുഖങ്ങളിലും നിലവിട്ട് പെരുമാറി എന്ന ആരോപണം നേരിട്ട നടനാണ് ശ്രീനാഥ് ഭാസി.
അതിനാല്‍ തന്നെ യുവതാരങ്ങള്‍ ഓം പ്രകാശിന്‍റെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയെന്ന കണ്ടെത്തലിനെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇവരെ വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും.
അതിനിടെ ഈ സിനിമാതാരങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച് പോലീസ് ഇതിനോടകം തന്നെ വിവര ശേഖരണം നടത്തിയിട്ടുമുണ്ട്. പോലീസിന്‍റെ പക്കല്‍ ചില നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. മലയാള സിനിമയില്‍ 'ലഹരിമയം' എന്ന ആരോപണം കാലങ്ങളായി ശക്തമാണ്.