/sathyam/media/media_files/EyJDRvb6TucgwYkOlKwB.jpg)
കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ പ്രതികള്‍ ഹാജരാവാത്തതില്‍ അതൃപ്തിയുമായി കോടതി. വ്യാജരേഖാ കേസ് ഇന്നു കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണനയിലെടുത്തപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
നാലാം പ്രതി ആദിത്യന്‍ ഒഴിച്ച് മറ്റു മുന്നു പ്രതികള്‍ ഹാജരാകാഞ്ഞതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് ഈ മാസം 28ാം തീയതിയിലേക്കു കേസ് മാറ്റി. അന്നു പ്രതികളെ ഹാജരാക്കണമെന്നു കക്ഷികളുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
പ്രതികള്‍ ഉന്നയിച്ച പുതിയ ആവശ്യങ്ങള്‍ അന്നത്തേക്കു പരിഗണിക്കാമെന്നു കോടതി വാക്കാല്‍ പറഞ്ഞു. ഇന്നു നാലാം പ്രതി ആദിത്യന്‍ ഉന്നയിച്ച ആവശ്യത്തെക്കുറിച്ചാണു വാദപ്രതിവാദങ്ങള്‍ നടന്നത്.
ആദിത്യനു പഠനത്തിനായി ഇറ്റലിയിലേക്കു പോകണമെന്ന ആവശ്യമാണ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന രേഖകള്‍ പ്രതി കോടതി മുമ്പാകെ ആദ്യമെ ഹാജരാക്കായില്ല. പിന്നീട് പുറത്തുപോയി രേഖകള്‍ രണ്ടാമത് കോടതി മുന്‍പാകെ ഹാജരാക്കുകയായിരുന്നു.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നു വരുത്തി തീര്‍ക്കാനാണു വ്യാജ ബാങ്ക് രേഖ ഉണ്ടാക്കിയതെന്നാണു കേസ്. ഫാ. ആന്‍റണി കല്ലൂക്കാരനാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, മൂന്നാം പ്രതി ഫാ. ബെന്നി മാരാംപറമ്പില്‍.
വ്യാജ രേഖ ഉണ്ടാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസിലെ നാലാം പ്രതി. ആദിത്യന്റെ സഹായി വിഷ്ണു റോയിയെ കേസിലെ മാപ്പു സാക്ഷിയാക്കി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് ഗൂഡാലോചനയില്‍ പങ്കാളികളായത്. കര്‍ദിനാളിനെ സ്ഥാനത്ത് നിന്നു മാറ്റുകായായിരുന്നു പ്രതികളുടെ ലക്ഷ്യം.
2019 ഫെബ്രുവരി 18നാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വൈദികര്‍ നേരത്തേ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നു വരുത്തി തീര്‍ക്കുന്നതിനാണു വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയതെന്നായിരന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കോന്തുരുത്തി സ്വദേശി ആദിത്യനാണു കംപ്യൂട്ടര്‍ ഉപയോഗിച്ചു സ്വന്തമായി ബാങ്ക് രേഖകള്‍ നിര്‍മിച്ചത്. ബംഗലുരുവിലെ സുഹൃത്തു വിഷണു റോയിയുടെ സഹായവും ആദിത്യനു കിട്ടി. വൈദികരുടെ നിര്‍ദേശ പ്രകാരമാണു വ്യാജരേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യന്റെ മൊഴി.