പ്രഥം തരംഗ് വാദകന്‍ രാജേന്ദ്ര നായിക് കൊച്ചിയില്‍; ആദ്യ പരിപാടി ശനിയാഴ്ച ഫോര്‍ട്ട്‌ കൊച്ചി മെഹബൂബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും

ബുള്‍ ബുള്‍ തരംഗിന് നവമുഖം നല്കി‍ പ്രഥം തരംഗ് എന്ന പേരില്‍ ഇന്ന് ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും യുഎസിലും യൂറോപ്പിലുമായി രാജേന്ദ്ര നായിക് സംഗീത സദസുകള്‍ അവതരിപ്പിച്ചു വരികയാണ്.

New Update
pradham tharang

കൊച്ചി: ഒരു കാലത്ത് ഉത്തരേന്ത്യയില്‍ നാദ വസന്തം തീര്‍ത്ത ബുള്‍ ബുള്‍ തരംഗ് എന്ന വാദ്യോപകരണത്തിനു പുതു ജീവന്‍ നല്‍കി വിദേശത്തും ഇന്ത്യയിലും പ്രഥം തരംഗ് എന്ന പേരില്‍ തന്‍റെ നാദ സപര്യ തുടര്‍ന്ന് വരുന്ന സൂറത്ത് സ്വദേശിയായ രാജേന്ദ്ര നായിക് എന്ന അതുല്യ കലാകാരന്‍ നാദപര്യടനാര്‍ഥം കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യ പരിപാടിക്ക് വേദിയാകുന്നത്‌ ഫോര്‍ട്ട്‌ കൊച്ചിയിലെ ആസ്പിന്‍ വാളിനു സമീപമുള്ള മെഹബൂബ് മെമ്മോറിയല്‍ ഹാളാണ്.

Advertisment

മുംബൈ ഐ ഐ ടിയില്‍ നിന്നും കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും തുടര്‍ന്ന്‍ യു എസില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി തന്‍റെ കരിയറില്‍ മികവു പുലര്‍ത്തിയ  രാജേന്ദ്ര നായിക് ബുള്‍ ബുള്‍ തരംഗിനോടുള്ള അഭിനിവേശവും എക്കാലവും പുലര്‍ത്തുകയും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത അതുല്യ കലാകാരനാണ്.

ബുള്‍ ബുള്‍ തരംഗിന് നവമുഖം നല്കി‍ പ്രഥം തരംഗ് എന്ന പേരില്‍ ഇന്ന് ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും യുഎസിലും യൂറോപ്പിലുമായി രാജേന്ദ്ര നായിക് സംഗീത സദസുകള്‍ അവതരിപ്പിച്ചു വരികയാണ്.

rajendra mayik

ഹിന്ദുസ്ഥാനിയിലെ വിശ്രുത രാഗങ്ങള്‍ക്കൊപ്പം മുഹമ്മദ്‌ റാഫിയുടെ പാട്ടുകള്‍ മുതല്‍ പുതു തലമുറയുടെ ആവേശമായ അര്‍ജിത് സിംഗ് വരെയുള്ള ഗായകരുടെ അഞ്ഞൂറോളം വരുന്ന ജനകീയ ഗാനങ്ങളും പ്രഥം തരംഗിലൂടെ രാജേന്ദ്ര നായിക് സൂറത്ത് അവതരിപ്പിച്ചു വരുന്നു. രാജേന്ദ്ര നായിക്കിന്റെ രാഗ തരംഗ് എന്ന സംഗീത സിരീസിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.

അതോടൊപ്പം പ്രഥം ഫൌണ്ടേഷന്‍ എന്ന  സന്നദ്ധ സംഘടനയിലൂടെ തന്റെ പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ആലംബ ഹീനരായ കുരുന്നുകളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കുകയാണ് മാനവ സേവ മാധവ സേവയാക്കി മാറ്റിയ രാജേന്ദ്ര നായിക് സൂറത്ത് എന്ന ഈ കലാകാരന്‍.

"സീക്രട്ട് സ്ട്രിംഗ്സ്' , "ഹസാര്‍ഡ്സ് ഇന്‍കോര്‍പ്പറേറ്റ്" എന്നീ ഇംഗ്ലീഷ് നോവലുകളിലൂടെയും കവിതകളിലൂടെയും ബ്ലോഗുകളിലൂടെയും ഒരു എഴുത്തുകാരന്‍ എന്ന നിലയിലും രാജേന്ദ്ര നായിക് ചിരപ്രതിഷ്ഠ നേടി. ഇപ്പോള്‍ "ബഹുരൂപി" എന്ന പേരില്‍ ഇംഗ്ലീഷിലും ഗുജറാത്തിയിലുമായുള്ള പുതിയ നോവലിന്‍റെ പണിപ്പുരയിലാണ് രാജേന്ദ്ര നായിക്.

ഫോര്‍ട്ട്‌ കൊച്ചിയില്‍ നടക്കുന്ന രാജേന്ദ്ര നായിക്കിന്റെ സംഗീത സായാഹ്നത്തിനു അകമ്പടി സേവിക്കുന്നത് തബല വിദുഷി രത്നശ്രീ അയ്യരാണ്. രാജേന്ദ്ര നായിക്കിന്റെ ശിഷ്യനായ ബുള്‍ ബുള്‍ തരംഗ് വാദകന്‍ ഉല്ലാസ് പൊന്നാടിയുടെയും അര്‍ജിത്തിന്റെയും കലാപ്രകടനവും ഒപ്പം അരങ്ങേറുന്നു.

സംഗീത സായാഹ്നത്തില്‍ മുതിര്‍ന്ന ബുള്‍ ബുള്‍ തരംഗ് വാദകനായ പുരുഷോത്തമ കമ്മത്തിനെ രാജേന്ദ്ര നായിക് ആദരിക്കും. രാജേന്ദ്ര നായിക്കിന്റെ കൊച്ചിയിലെ രണ്ടാമത്തെ പരിപാടി വരുന്ന ഞായറാഴ്ച മട്ടാഞ്ചേരിയിലെ ശ്രീ ദരിയസ്ഥാന്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.

ഒക്ടോബര്‍  ഇരുപത്തിയെട്ട് തിങ്കളാഴ്ച കേരളത്തിലെ ബുള്‍ ബുള്‍ തരംഗ് വാദകരായ തന്റെ ശിഷ്യര്‍ക്കായി ഒരു ശില്പശാലയും രാജേന്ദ്ര നായിക് സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8137033177 (sanu sathyan).

Advertisment