കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ പാലാരിവട്ടം സ്വദേശിനിയിൽനിന്നു 25 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി പോലീസ് പിടിയിൽ. ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പിൽ ഷാജഹാൻ (40) ആണ് പിടിയിലായത്.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുമായി വാട്സാപ്, ടെലഗ്രാം ചാറ്റിലൂടെ പ്രതികൾ ബന്ധപ്പെടുകയും പാർട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ് മെസ്സേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിക്കുകയും ചെയ്താണ് പ്രതികൾ പണം തട്ടിയത്.
ഇതിനായി ഓൺലൈൻ ടാസ്കുകളും പ്രതികൾ യുവതിക്ക് നൽകി. 25 മുതൽ 30 വരെയുള്ള തീയതികളിൽ പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 25 ലക്ഷത്തിലേറെ തട്ടിയെടുത്തു. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരം, ഓൺലൈൻ തട്ടിപ്പ് കേസുകളിൽ കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.