കൊച്ചി: സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജ്യന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ദിവസവും ആയിരം കുട്ടികള്‍ക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക.
എറണാകുളം കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്.
കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. നടന്‍ മമ്മൂട്ടി മുഖ്യാഥിതിയാകും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യമാണ്. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിജയികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി നല്‍കും.
കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളില്‍ താമസ സൗകര്യമുണ്ടാകും