/sathyam/media/media_files/2024/11/05/Wn40ss2TGQouPjVh6g3B.jpg)
കൊച്ചി: എറണാകുളം -അങ്കമാലി രൂപതയില്‍ ഡീക്കന്‍മാരുടെ തിരുപ്പട്ട സ്വീകരണ ചടങ്ങിന് മുന്നോടിയായി വിമത വിഭാഗം സര്‍ക്കുലറുകള്‍ കത്തിച്ച നടപടിയിൽ വിമതര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
സര്‍ക്കുലര്‍ കത്തിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്ന നിലപാടാണ് ഔദ്യേഗിക വിഭാഗത്തിനുള്ളത്. പാരീഷ് കൗണ്‍സില്‍ അംഗം മൈക്കിള്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണു വിമത വിഭാഗത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
കൗൺസിലിൽ ലിറ്റില്‍ ഫ്‌ളവര്‍ യൂണിറ്റിനെ പ്രതിനിധീകരിക്കുന്നയാളാണു മൈക്കിള്‍ ജോര്‍ജ്. 32 അംഗങ്ങളുള്ള പാരിഷ് കൗണ്‍സിലില്‍ സഭയോടൊപ്പം നില്‍ക്കുന്ന ഒരോയൊരാള്‍ മൈക്കിള്‍ ജോര്‍ജ് മാത്രമാണ്.
കഴിഞ്ഞ ദിവസം പള്ളിയിൽ കൂടിയ വിശ്വാസികളുടെ യോഗത്തിൽ സര്‍ക്കുലര്‍ കത്തിച്ച ധിക്കാരപരമായ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മെക്കിള്‍ ജോര്‍ജ് വ്യക്തമാക്കി.
സഭയുടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നിലകൊള്ളുന്ന മൈക്കള്‍ ജോർജാണ് വിശ്വാസ സമൂഹത്തെ ഒന്നിച്ചു ചേര്‍ത്തു കോടതിയില്‍ നിന്ന് അനുകൂല വിധി നേടി വിമത വിഭാഗം വൈദികനെക്കൊണ്ട് പാലാരിവട്ടം മാതാനഗര്‍ പള്ളിയില്‍ ഏകീകൃത കുര്‍ബാന ചൊല്ലിക്കാന്‍ കാരണമായത്.
സഭയെ പറ്റിയോ സഭയുടെ പ്രബോധനങ്ങളെപ്പറ്റിയോ സഭയുടെ ആരാധനാ ക്രമത്തെപ്പറ്റിയോ യാതൊരു ബോധ്യവുമില്ലാത്ത പാരീഷ് കൗണ്‍സിൽ അംഗങ്ങൾക്കിടയിലെ സഭയുടെ പോരാളിയായാണു മൈക്കിള്‍ ജോര്‍ജിനെ ഔദ്യോഗിക വിഭാഗം വിലയിരുത്തുന്നത്.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാരുടെ തിരുപ്പട്ട ദാന ചടങ്ങിന് മുൻപായി സര്‍ക്കുലറുകള്‍ കത്തിച്ച് പ്രതിഷേധം നടന്നിരുന്നു.
ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ച സര്‍ക്കുലറാണ് അതിരൂപത അല്‍മായ മുന്നേറ്റ സമിതി കത്തിച്ചത്.
അതിരൂപതയ്ക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും സര്‍ക്കുലര്‍ വായിച്ചില്ല. എട്ട് ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കുന്ന ചടങ്ങിന് മുന്നോടിയായിട്ടാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എല്ലാ പള്ളികളിലും വായിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത്.
സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്ന് ഏകീകൃത കുര്‍ബാനയേ എതിര്‍ക്കുന്ന വിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പിന്നാലെ സെന്റ് മേരിസ് ബസിലിക്ക കത്തീഡ്രലിലടക്കം സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇതിനെതിരെയാണ് മൈക്കിള്‍ ജോര്‍ജ് വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു പ്രതിഷേധം നടത്തിയത്.