/sathyam/media/media_files/2024/11/12/7E9mo2fdLWauulHfPJlv.jpg)
കൊച്ചി: രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ബീറ്റ് റിപോർട്ടറെ മാറ്റി റിപോർട്ടർ ടി.വി മാനേജ്മെന്റ്. മുന്നണിക്കെതിരെ ബോധപൂർവം എതിർ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തിയതോടെയാണ് കോൺഗ്രസ് വാർത്തകൾ കൈകാര്യം ചെയ്യുന്ന ലേഖകനെ മാറ്റി മാനേജ്മെന്റ് ഒത്തുതീർപ്പിന് വഴങ്ങിയത്.
കളളപ്പണ വിവാദം സംബന്ധിച്ച വാർത്തകളുടെ റിപോർട്ടിങ്ങ് സംബന്ധിച്ചാണ് യു.ഡി.എഫ് നേതൃത്വം ചാനലിന് മുന്നിൽ പരാതി ഉന്നയിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപോർട്ടിങ്ങിൻെറ ഭാഗമായി കോൺഗ്രസ് - യു.ഡി.എഫ് വാർത്തകൾ റിപോർട്ട് ചെയ്യുന്ന ലേഖകനെ ആ ചുമതലയിൽ നീക്കണമെന്നായിരുന്നു നേതൃത്വം മുന്നോട്ടുവെച്ച ആവശ്യം.
അല്ലാത്ത പക്ഷം ചാനൽ ക്യാമറക്ക് മുന്നിൽ പ്രതികരണങ്ങളോ സംവാദ - ചർച്ചാ പരിപാടികൾക്ക് മുന്നണിയുടെ പ്രതിനിധികളെ അയക്കുകയോ ചെയ്യില്ലെന്നും കോൺഗ്രസ് നേതൃത്വം ചാനൽ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് തന്നെയാണ് ചാനൽ മാനേജ്മെന്റിനെ ബന്ധപ്പെട്ട് നിലപാട് അറിയിച്ചത്.
ആവശ്യം അംഗീകരിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമായതോടെ കോൺഗ്രസ് വാർത്തകൾ റിപോർട്ട് ചെയ്തു കൊണ്ടിരുന്ന ലേഖകനെ മാറ്റാൻ റിപോർട്ടർ ടി.വി നിർബന്ധിതമാവുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ റിപോർട്ടറിലെ എഡിറ്റോറിയൽ മേധാവികളെ ബന്ധപ്പെട്ടും നിലപാട് അറിയിച്ചിരുന്നു.
ബാർക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് - യു.ഡി.എഫ് ബഹിഷ്കരണം ദോഷകരമാകുമെന്ന് വിലയിരുത്തിയ ചീഫ് എഡിറ്റർ ഡോ.അരുൺ കുമാർ ലേഖകനെ പിൻവലിക്കാനുളള മാനേജ്മെന്റ് തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.
കോൺഗ്രസ് വാർത്തകൾ കൈകാര്യം ചെയ്ത് അനുഭവ പരിചയമുളള കൊച്ചിയിലെ മറ്റൊരു ലേഖകനാണ് യു.ഡി.എഫ് വാർത്താ റിപോർട്ടിങ്ങിൻെറ പുതിയ ചുമതലക്കാരൻ. കോൺഗ്രസ് നേതൃത്വത്തിൻെറ സമ്മർദ്ദത്തിന് വഴങ്ങി ലേഖകനെ മാറ്റിയതിൽ എഡിറ്റോറിയൽ നേതൃത്വത്തിൽ ഭിന്നതയുണ്ടെന്നാണ് റിപോർട്ടർ ടി.വിയിൽ നിന്ന് പുറത്തുവരുന്ന വിവരം.
കളളപ്പണം വിവാദം സംബന്ധിച്ച് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് സി.പി.എം പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിൽ തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ലേഖകൻെറ സാന്നിധ്യമുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം റിപോർട്ടർ ടി.വി മാനേജ്മെന്റിന് മുന്നിൽ ഉന്നയിച്ചിരിക്കുന്ന പരാതി.
കളളപ്പണം കൈകാര്യം ചെയ്യുന്നുവെന്ന സംശയത്തിൽ വിവരശേഖരണത്തിനായി സി.പി.എം നേതൃത്വം നിയോഗിച്ചത് അനുസരിച്ചാണ് ലേഖകൻ ഹോട്ടലിൽ എത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ സംശയം. പൊലിസ് പരിശോധന തുടങ്ങിയപ്പോൾ മുതൽ കളളപ്പണ ആരോപണം സത്യമാണെന്ന തരത്തിൽ റിപോർട്ട് ചെയ്തെന്നും കോൺഗ്രസ് നേതാക്കൾ ചാനൽ നേതൃത്വത്തെ ചില തെളിവുകള്‍ സഹിതം അറിയിച്ചിട്ടുണ്ട്.
സി.പി.എമ്മിനും ബി.ജെ.പിക്കും വേണ്ടി യു.ഡി.എഫിനെതിരെ ബോധപൂർവം വാർത്തകൾ ഉണ്ടാക്കുകയാണെന്നും പരാതിപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ ചാനലുമായി സഹകരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് തന്നെ അറിയിച്ചതോടെ ഗത്യന്തരമില്ലാതെയാണ് ലേഖകനെ മാറ്റി റിപോർട്ടർ മാനേജ്മെന്റ് ഒത്തുതീർപ്പിന് വഴങ്ങിയത്.
നികേഷ് കുമാറിൽ നിന്ന് ഉടമസ്ഥാവകാശം വാങ്ങിയ റിപോർട്ടറിൻെറ പുതിയ ഉടമതന്നെ ചർച്ചാ പരിപാടിയിലിരുന്ന് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപം നടത്തിയതിനെ തുടർന്ന് കോൺഗ്രസ് നേരത്തെ ചാനൽ ബഹിഷ്കരിച്ചിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാനാണ് പെട്ടെന്ന് തന്നെ ഒത്തുതീർപ്പിന് വഴങ്ങിയതെന്നും ചാനലിലുളളവർ പറയുന്നു.