കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ മുതിർന്ന വൈദീകനെ അപമാനിച്ച സഹ വികാരിക്കെതിരെ കടുത്ത നടപടി. മഞ്ഞപ്ര ഇടവകയിലെ സഹ വികാരി ഫാ. ജെഫ് പൊഴേലിപറമ്പിലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വൈദീകന് പരസ്യമായ കുർബാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തലയോലപ്പറമ്പിന് അടുത്തുള്ള പൊതിയിലെ റിട്ടയർമന്റ് ഹോമിലേക്ക് താമസം മാറ്റാനാണ് വൈദീകന് അധികൃതർ നൽകിയ നിർദ്ദേശം. സ്വകാര്യമായി മാത്രം കുർബാന അർപ്പിക്കാനെ അനുമതിയുള്ളൂ.
മറ്റാരെങ്കിലും ഈ സ്വകാര്യ കുർബാനയിൽ പങ്കെടുത്തു എന്നു വന്നാൽ വീണ്ടും കടുത്ത നടപടി ഉണ്ടാകും. പൊതുവികാരം മാനിച്ച് വിമത വിഭാഗം വൈദീകർക്കെതിരെ അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി തന്നെയാണ് പുതിയ കൂരിയ സ്വീകരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് മഞ്ഞപ്ര ഫെറോന പളളിയിൽ കുർബാന മധ്യേ അറിയിപ്പിനിടെ സഭാ നേതൃത്വത്തെ അനുസരിക്കുന്ന വികാരി ഫാ. സെബാസ്റ്റ്യൻ ഊരയ്ക്കനാടിന്റെ മൈക്ക് സഹ വികാരിയായ ജെഫ് ഓഫ് ചെയ്തത്. വിശ്വാസികൾ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
വിമത വിഭാഗം വൈദീകരുടെ പിന്തുണയിലാണ് ഫാ. ജെഫ് ഇതു ചെയ്തത്. സഭാ നേതൃത്വത്തെ വെല്ലുവിളിച്ച ഫാ. ജെഫിനെതിരെ നടപടി വേണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു.
പുതിയ കൂരിയ നിലവിൽ വന്നതോടെ അച്ചടക്ക ലംഘനത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. പദവികളിൽ നിന്നും മാറ്റുന്നവർക്ക് പുതിയ നിയമനം നൽകുന്നുമില്ല.
നേരത്തെ നടപടി നേരിടുന്നവരെ നിവേദിതയിലേക്കായിരുന്നു മാറ്റിയിരുന്നത്. എന്നാൽ വിമതർ എല്ലാവരും ഒരേ സ്ഥലത്ത് താമസിക്കുന്നത് ഒഴിവാക്കാനാണ് ഫാ.ജെഫിനെ തലയോലപ്പറമ്പിലെ റിട്ടയർമെന്റ് ഹോമിലേയ്ക്ക് മാറ്റിയത്.