കൊച്ചി: വിനോദയാത്രയ്ക്കിടെ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കേസ് എടുത്ത് കൊച്ചി പൊലീസ്. ടൂറിസ്റ്റ് ബോട്ടുടമയ്ക്കും കുട്ടികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയ കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടത്തിരിക്കുന്നത്.
ബിഎന്‍സ് 371 വകുപ്പ് പ്രകാരവും ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രകാരവുമാണ് കേസ്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ഭക്ഷ്യവിഷബാധയേറ്റവരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരുമാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ആരോഗ്യനില തൃപ്തികരമായതോടെ ഇവര്‍ ആശുപത്രി വിട്ടു.
104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജില്‍ ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹനു നിര്‍ദേശം നല്‍കിയിരുന്നു.