കൊച്ചി: ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്തുമസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി ആഘോഷിച്ചു. മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് നടത്തിയ പരിപാടി അത്യന്തം ഹൃദ്യമായിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന കേക്ക് മിക്സിങ് ചടങ്ങിനിടെ, ക്രൗൺ പ്ലാസ കൊച്ചി ഇക്കൊല്ലം ക്രിസ്തുമസിന് പുറത്തിറക്കുന്ന പ്ലം കേക്കിന്റെ ഏറ്റവും ആദ്യത്തെ ബാച്ച് ഈ കുട്ടികൾക്ക് നൽകുമെന്ന് വാഗ്‌ദാനം ചെയ്തിരുന്നു.
ആ ഉറപ്പ് ഹോട്ടൽ അധികൃതർ നിറവേറ്റി. ഒപ്പം അപ്രതീക്ഷിതമായി ഓരോ കുട്ടിക്കും പ്രത്യേക സമ്മാനങ്ങൾ കൂടി നൽകിയതോടെ, ക്രിസ്തുമസ് മരത്തേക്കാൾ ശോഭയോടെ കുട്ടികളുടെ മുഖങ്ങൾ തിളങ്ങി.
സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോനും നടിയും മോഡലുമായ റിതു മന്ത്രയും ചേർന്നാണ് ക്രിസ്തുമസ് മരത്തിലെ വർണസംവിധാനം സ്വിച്ച് ഓൺ ചെയ്തത്. ഈ അവധിക്കാലത്തും എല്ലാവർക്കും സന്തോഷവും ദീർഘകാലം നീണ്ടുനിൽക്കുന്ന ഓർമകളും സമ്മാനിക്കാനാണ് ക്രൗൺ പ്ലാസ കൊച്ചി ശ്രമിക്കുന്നതെന്ന് ഹോട്ടലിന്റെ ജനറൽ മാനേജരായ ദിനേശ് റായ് പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് കേക്കിന്റെ വില്പനയും സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നുള്ള വരുമാനത്തിന്റെ 10% ആശ്വാസ ഭവൻ അനാഥാലയത്തിന് കൈമാറുമെന്ന് ക്രൗൺ പ്ലാസ കൊച്ചി അധികൃതർ അറിയിച്ചു.
ജെംസ് മോഡേൺ അക്കാദമിയിലെ കുട്ടികളുടെ മനോഹരമായ കോയിർ ഗാനാലാപനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് ജിഞ്ചർബ്രഡ് ഹൗസ്, പുഷ്പാലംകൃത ക്രിസ്മസ് റീത്ത് നിർമാണം, തുടങ്ങി ക്രിസ്മസ് പാരമ്പര്യത്തോടനുബന്ധിച്ചുള്ള നിരവധി ആഘോഷപരിപാടികളും ഹോട്ടലിൽ നടന്നു. ആകർഷകമായ ക്രിസ്തുമസ് അലങ്കാരപ്പണികളാൽ മുഖരിതമായിരുന്ന വേദിയിലേക്ക് സാന്റാ ക്ളോസും എത്തി.
ക്രിസ്തുമസ് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആശ്വാസ ഭവനിലെ കുട്ടികൾ. ചടങ്ങുകൾക്ക് ശേഷം അതിഥികൾക്കായി ഹോട്ടലിൽ പ്രത്യേക സൽക്കാരവുമുണ്ടായിരുന്നു.
കുട്ടികൾക്കൊപ്പം പ്രമുഖ താരങ്ങൾ, ഇൻഫ്ളുവൻസർമാർ, ബിസിനസുകാർ എന്നിവർ പങ്കെടുത്തു. ക്രിസ്തുമസും ന്യൂഇയറും പ്രമാണിച്ച് ക്രൗൺ പ്ലാസ കൊച്ചിയിൽ പ്രത്യേക ആഘോഷകാല ബുഫെയും സജ്ജമാക്കിയിട്ടുണ്ട്.