കൊച്ചി: കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസ്സാരവത്ക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.
കുട്ടികളായാൽ പുകവലിക്കും എന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസ്സാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്.
ലഹരിക്കെതിരെ കോടികൾ ചിലവഴിച്ച് ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന സർക്കാരിൻ്റെ പ്രതിനിധിതന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025 -ലേക്ക് ചുവട് വെച്ചത് തന്നെ മദ്യത്തിൽ ആറാടിയാണ്.
യുവതലമുറ ലഹരി ഉപയോഗിച്ച് കൊലപാതകം വരെ നടത്തുന്നു. സംസ്ഥാനത്തെ 1057 വിദ്യാലയങ്ങൾ ലഹരി മാഫിയയുടെ പിടിയിലാണെന്നും ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടെന്നും പോലീസ് ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ട്.
ലഹരിയുടെ ഉപയോഗം യുവതലമുറയെ പാഴ്ജന്മങ്ങളാക്കി മാറ്റുമ്പോൾ ഉത്തരവാദിത്വപ്പെട്ടവർ അബദ്ധജഡിലമായ പ്രസ്താവനകൾ നടത്തി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃയോഗം ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കുകയും സർക്കാർ നിലപാട് വ്യക്തമാക്കുകയും വേണം.
കലൂരിൽ ചേർന്ന നേതൃയോഗം സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അദ്ധ്യക്ഷനായിരുന്നു.
പി. എച്ച്. ഷാജഹാൻ, ഷൈബി പാപ്പച്ചൻ, ജോൺസൺ പാട്ടത്തിൽ, കുരുവിള മാത്യൂസ്, ഹിൽട്ടൺ ചാൾസ്, ഏലൂർ ഗോപിനാഥ്, ജെയിംസ് കോറമ്പേൽ, രാധാകൃഷ്ണൻ കടവുങ്കൽ, ടി.എം. വർഗ്ഗീസ്, പി. ആർ. അജാമളൻ, പി. ഐ. നാദിർഷ, എം.എൽ. ജോസഫ്, ജെസി ഷാജി, കെ.കെ വാമലോചനൻ, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി എന്നിവർ പ്രസംഗിച്ചു.