Advertisment

പരിപാടികൾക്കിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ “ഇവന്റ് സേഫ്” പദ്ധതിയുമായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള

New Update
EVENT

കൊച്ചി : സംസ്ഥാനത്തെ എല്ലാ പരിപാടികളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി “ഇവന്റ് സേഫ്” എന്ന പേരിൽ ജാഗ്രതാപദ്ധതിയുമായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇ.എം.എ.കെ). ഏത് പരിപാടിയിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് അസോസിയേഷൻ ആവർത്തിക്കുന്നത്.

Advertisment

പരിപാടിയുടെ ആലോചനാഘട്ടം മുതൽ നടപ്പാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ കുറവുകളും ഉണ്ടാകില്ലെന്ന ഇ.എം.എ.കെ അംഗങ്ങളുടെ കൂട്ടായ പ്രതിജ്ഞയാണ് “ഇവന്റ് സേഫ്” പദ്ധതി. അടുത്തിടെ പൊതുപരിപാടിക്കിടെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത് .

പൊതുജനങ്ങളും ക്ലയന്റുകളും വിവിധയിനം പരിപാടികളിൽ പങ്കെടുക്കുന്നവരും ഇ.എം.എ.കെയിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനായി പരമാവധി സുരക്ഷ ഉറപ്പാക്കുമെന്ന് ദൃഢനിശ്ചയമാണ് ഈ പദ്ധതിയെന്ന് ഇ.എം.എ.കെ പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഓരോ പരിപാടിയും എല്ലാവർക്കും സുരക്ഷിതമായി ആഘോഷിക്കാനാവുന്ന ഒന്നായിരിക്കുമെന്ന ഉറപ്പ് പാലിക്കാൻ, എല്ലാ സംഘാടകർക്കും കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാകുന്നതോടെ എല്ലാ പരിപാടിയിലും സുരക്ഷാമാനദണ്ഡങ്ങൾ മുൻപത്തേക്കാളേറെ ശക്തമാകും. ഇതിനായുള്ള പരിശോധനകൾ കർശനമാക്കും. അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി സംഘാടകർക്ക് ആവശ്യമായ പരിശീലനവും നൽകും.

ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളായിരിക്കും പഠിപ്പിക്കുക. ഇതിനായി അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരും. പരിപാടിയുടെ ഭാഗമാകുന്ന എല്ലാവരോടും സുതാര്യമായ ഇടപെടലുകളും ആശയവിനിമയവും ഉറപ്പാക്കും. പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ചുമതലപ്പെട്ട അധികൃതർക്ക് വിശദമായ ഒരു രൂപരേഖ സമർപ്പിക്കാനും ആലോചനയുണ്ട്.

2009 ജൂലൈ 1നാണ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇ.എം.എ.കെ) സ്ഥാപിതമാകുന്നത്. കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളെ പ്രതിനിധാനം ചെയ്യുന്ന ഏക സംഘടനയാണിത്. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് മാനേജ്‌മെന്റ് അസോസിയേഷൻ (ഇ.ഇ.എം.എ) ന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഇ.എം.എ.കെ.

Advertisment