കൊച്ചി: സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
മസ്തിഷ്കത്തിലെ പരിക്ക് ഓർമശക്തിയെ ബാധിച്ചിട്ടില്ല എന്നതും ആശ്വാസമാണ്. സ്വന്തമായി ശ്വസിക്കാനായതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു.
അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ പരിക്കിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയത് വലിയ ആശ്വാസമാണ്.
ആരോഗ്യവതിയായി വീണ്ടും മടങ്ങിവരാൻ സാധിക്കും എന്ന ആശ്വാസ വാർത്തയാണ് മെഡിക്കൽ സംഘത്തിനു പറയാനുള്ളത്.
തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കുമെന്നും മെഡിക്കൽ സംഘം വിവരിച്ചു.
ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുന്നുണ്ട്.
ശ്വാസകോശത്തിന് പുറത്തുണ്ടായ നീർക്കെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയായത്. എന്നാൽ ഈ പരിക്ക് ഗുരുതരമാകാത്തത് ആശ്വാസമായിട്ടുണ്ട്.
ഫിസിയോ ചികിത്സയിലും ഡോക്ടർമാരുടെ നിർദ്ദേശത്തിലും മികച്ച പ്രതികരണമാണ് ഉമ തോമസ് ഇതിലൂടെ നൽകിയതെന്നാണ് വിലയിരുത്തൽ. കഠിനമായ വേദനയിലും കൈയ്യും കാലും അനക്കാനും മക്കളോടും ഡോക്ടർമാരോടും സംസാരിക്കാനും ഉമ തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വിവരം.