കൊച്ചി:ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
തുടര്‍ന്ന് പ്രമോഷന്‍ ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വീണ്ടും ഡോ.ബി ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയുടെ ഭാഗമായി രാജന്‍ ഹൊബ്രഗെഡയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഡിവിഷന്‍ ബഞ്ച് പൊലീസിന് നിര്‍ദേശം നല്‍കിയത്.