കൊച്ചി: വർദ്ധിച്ച തെരുവുനായ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തൃക്കാക്കര മുനിസിപ്പൽ റസിഡൻസ് അസോസിയേഷനുകളുടെ അപ്പെക്സ് കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം തെരുവുനായ വിമുക്ത ഭാരതസംഘം ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു.
ദൈവത്തിൻ്റെ സ്വന്തം നാടായി അറിയപ്പെട്ടിരുന്ന നമ്മുടെ കേരളം ഇന്ന് നായ്ക്കളുടെ നാടായി മാറിയെന്ന് ജോസ് മാവേലി കുറ്റപ്പെടുത്തി. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെൽട്ടറുകളിൽ അടച്ച് മനുഷ്യ ജീവിതം സുരക്ഷിതമാക്കണമെന്ന് അദ്ദേഹം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു.
അപ്പെക്സ് കൗൺസിൽ പ്രസിഡൻറ് സലിം കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ ജനസേവ ശിശു ഭവൻ പ്രസിഡൻ്റും സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. അപ്പക്സ് കൗൺസിൽ ഭാരവാഹികളായ വി. എൻ.പുരുഷോത്തമൻ, കെ. എം. അബ്ബാസ്, ടി.കെ. മുഹമ്മദ്, പി. എൻ. ശോഭ, പി. എം. വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ പോൾ മേച്ചേരി, സാമൂഹ്യപ്രവർത്തകൻ ബൈജു മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.