/sathyam/media/media_files/2025/01/11/GUF2FJxNCsojuKPY5gtT.jpg)
കൊച്ചി: മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ പൗരോഹിത്യത്തെ അപഹാസ്യമാക്കുന്നു, എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് അതിക്രമിച്ചുകടന്നു സമരവേദിയാക്കിയതിനു നേതൃത്വം നല്‍കിയ ആറ് വൈദികര്‍ക്കു സസ്‌പെന്‍ഷന്‍.
ജനുവരി 9ന് മുന്നറിയിപ്പില്ലാതെ നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ക്ലാസ് മുറികളിലൂടെ അതിക്രമിച്ച് അതിരൂപത കേന്ദ്രത്തിലേക്കു കടക്കുകയും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തെ സമരവേദിയാക്കി മാറ്റുകയും ചെയ്ത 21 വൈദികരില്‍ നേതൃത്വം നല്‍കിയ ആറു പേര്‍ക്കാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ കൊടുത്തത്.
അതിക്രമിച്ചു കടക്കുന്നതിനു നേതൃത്വം കൊടുത്ത ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. ജെറി ഞാളിയത്ത്, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. അലക്‌സ് കരിമഠം എന്നിവരെയാണു സസ്‌പെന്റ് ചെയ്തത്.
മറ്റു 15 വൈദികര്‍ക്ക് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടങ്കില്‍ ബോധിപ്പിക്കണം എന്ന നിര്‍ദേശത്തോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
അതിരൂപതാ ആസ്ഥാനത്തെ സമരവേദിയാക്കാതെ എത്രയുവേഗം പിരിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കേണ്ടിവരും എന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സിനഡ് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാതെ സമരം തുടര്‍ന്നതിനാലാണു നടപടി.
അന്വേഷണ വിധേയമായി അവരെ വൈദികനടുത്ത ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്നും മുടക്കിയിരിക്കുകയാണ്.
സസ്‌പെന്‍ഷനിലായിരിക്കുന്ന കാലയളവില്‍ ശിക്ഷാനടപടികള്‍ നേരിട്ട വൈദികര്‍ക്ക് ഇപ്പോള്‍ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാന്‍ കഴിയില്ല. പരസ്യമായി ബലിയര്‍പ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാ നുകരണങ്ങളും പരികര്‍മ്മം ചെയ്യുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല. മറ്റു പള്ളികളില്‍ തിരുനാളിലോ വിവാഹം മുതലായ ചടങ്ങുകളിലോ സഹകാര്‍മ്മികരോ ആകുന്നതിനും അനുവാദമുണ്ടായിരിക്കില്ല.
വൈദികര്‍ക്കു താമസിക്കുന്നതിനു നിശ്ചയിച്ചു നല്‍കിയിട്ടുള്ള സ്ഥലത്തു മാത്രം അവര്‍ താമസിക്കേണ്ടതാണ്.
കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്ന ഫാ. ജോസ് ചോലിക്കര, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ഫാ. ജോയി പ്ലാക്കല്‍, ഫാ. സാജു കോരേന്‍, ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, ഫാ. സ്‌റ്റെന്നി കുന്നേക്കാടന്‍, ഫാ. ജെയിംസ് പനവേലി, ഫാ. അസിന്‍ തൈപറമ്പില്‍, ഫാ. ബാബു കളത്തില്‍, ഫാ. ജിതിന്‍ കാവാലിപ്പാടന്‍, ഫാ. ടോം മുള്ളന്‍ചിറ, ഫാ. അലക്‌സ് മേക്കാംതുരുത്തി, ഫാ. ബിനു പാണാട്ട്, ഫാ. ജോസ് വടക്കന്‍, ഫാ. അഖില്‍ മേനാച്ചേരി എന്നിവര്‍ ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ കാനോന്‍ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും വൈദികരെ അറിയിച്ചിട്ടുണ്ട്.
അതിരൂപത ആസ്ഥാനം കൈയേറി സമരവേദിയാക്കിയതു അങ്ങേയറ്റം അപലപനീയമാണ്.
അതിരൂപത ആസ്ഥാനത്തിന്‍റെ ചുറ്റുമതിലുകളുടെ കവാടങ്ങളും മന്ദിരത്തിനകത്തെ പാസേജുകളും താഴിട്ടുപൂട്ടി കൂരിയ അംഗങ്ങളുടെ സഞ്ചാരസ്വാതന്ത്രം തടസപ്പെടുത്തുകയും ക്യാമറകള്‍ മറച്ചുവച്ചു കൂരിയ അംഗങ്ങളുടെ മുറിയുടെ വാതിലുകളില്‍ തട്ടിയും ബഹളംവച്ചും ജോലിക്കു തടസമുണ്ടാക്കിയും വൈദികര്‍ക്കു യോജിക്കാത്തവിധം സമരക്കാര്‍ പെരുമാറിയതും അപലപനീയമാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി.