കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ റാഫേല്‍ തട്ടില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വികാരിയായി നിയമിച്ചു.
2025 ജനുവരി 6 മുതല്‍ 11 വരെ നടന്ന മുപ്പത്തി മൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാര്‍ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായി തെരഞ്ഞെടുത്തിരുന്നു.
മാർപാപ്പ സിനഡിന്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്‌തോലിക് ന്യൂണ്‍ഷാവഴി അംഗീകാരം നല്കുകയും ചെയ്തു.
നിലവില്‍ തലശേരി അതിരൂപത യുടെ മെത്രാപോലീത്തയായ മാര്‍ പാംപ്ലാനി നിലവിലുള്ള തന്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിര്‍വഹിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍സ്ഥാന ത്തുനിന്നുള്ള മാര്‍ ബോസ്‌കോ പുത്തൂരിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു.
2023 ഡിസംബര്‍ ഏഴിനു നിയമിതനായ മാര്‍ ബോസ്‌കോ പുത്തൂര്‍ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാല്‍ തന്റെ രാജി സമര്‍പ്പിച്ചത്. മെല്‍ബണ്‍ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ബോസ്‌കോ പുത്തൂര്‍ നിയമിതനായത്.
അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല മാര്‍പാപ്പ അതിരൂപതാധ്യക്ഷന്‍ കൂടിയായ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിര്‍വഹണം നടത്താനുള്ള ചുമതലനല്‍കി കൊണ്ട് മാര്‍ ജോസഫ് പാംപ്ലാനിയെ മേജര്‍ ആര്‍ച്ചു ബിഷപ്പ് അതിരൂപതയില്‍ തന്റെ വികാരിയായി നിയമിച്ചത്.
അതേസമയം, ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി തുടരും. സിനഡ് അംഗീകരിച്ച മാര്‍ഗരേഖ അനുസരിച്ചായിരിക്കും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി അതിരൂപതയുടെ ഭരണനിര്‍വഹണം നടത്തുക.
2019 ലാണ് അന്നത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിയില്‍ ആദ്യമായി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയെ നിയമിച്ചത്. ആര്‍ച്ചുബിഷപ്പ് ആന്റണി കരിയിലായിരുന്നു അന്നു നിയമിതനായത്.
1969 ഡിസംബര്‍ 3 നു ജനിച്ച ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി 1997 ഡിസംബര്‍ 30നു വൈദികനായി. ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു വിശുദ്ധ ഗ്രന്ഥത്തില്‍ ഉപരിപഠനംനടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിട്ടുണ്ട്.
2017 സെപ്റ്റംബര്‍ 1 നു തലശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2017 നവംബര്‍ എട്ടിനാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രില്‍ 22നു മാര്‍ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
സീറോമലബാര്‍ മെത്രാന്‍സിനഡിന്റെ സെക്രട്ടറിയും പെര്‍മെനന്റ് സിനഡിലെ അംഗവുമാണു മാര്‍ പാംപ്ലാനി.
സീറോമലബാര്‍ സഭയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അംഗം, കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍, ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം, ഏഷ്യന്‍ കത്തോ ലിക്കാ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം എന്നീ നിലകളിലും മാര്‍ ജോസഫ് പാംപ്ലാനി സേവനമനുഷ്ഠിക്കുന്നു.