സോഫ്റ്റ്‌വെയർ അപ്ഡേഷൻ ശേഷം ഡിസ്പ്ലേ തകരാർ; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി

author-image
ഇ.എം റഷീദ്
New Update
consumer protection

കൊച്ചി: സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം മൊബൈൽ ഫോൺ ഡിസ്പ്ലേയിൽ ലൈൻ പ്രത്യക്ഷപ്പെടുകയും ഡിസ്പ്ലേ അവ്യക്തമാവുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Advertisment

എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എം.ആർ ഹരിരാജ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2021 ഡിസംബർ മാസത്തിലാണ് പരാതിക്കാരൻ 43,999/-  രൂപ വിലയുള്ള വൺപ്ലസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊബൈൽ ഫോൺ വാങ്ങിയത്.


2023 ജൂലൈ മാസത്തിൽ ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടന്നപ്പോൾ സ്ക്രീനിൽ പിങ്ക് ലൈൻ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതേ തുടർന്ന് ഉപഭോക്താവ് അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കുകയുണ്ടായി.


സ്ക്രീൻ ഫ്രീയായി മാറി തരാമെന്നും ഇപ്പോൾ സ്ക്രീൻ അവൈലബിൾ അല്ലെന്നും സ്ക്രീനിനായി ഓർഡർ നൽകിയിട്ടുണ്ടെന്നും ഓതറൈസ്ഡ് സർവീസ് സെൻറർ ഉപഭോക്താവിനെ അറിയിച്ചു.

ആയതിനുശേഷം പിന്നീട് നിരന്തരം സർവീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോൾ 19,000/- രൂപയ്ക്ക് ബയ്ബാക്ക് ചെയ്യുകയോ, ഡിസ്പ്ലേ ഓർഡർ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിക്കുകയുണ്ടായി.

ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീൻ ലൈൻ കൂടി ഫോണിൻറെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയുണ്ടായ സാഹചര്യത്തിലാണ് ഉപഭോക്താവ് സോഫ്റ്റ്‌വെയർ അപ്ഡേഷൻ സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ മാനുഫാക്ചറിംഗ് ഡിഫക്ട് ഫോണിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.


ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത ഫോൺ നിർമ്മാണമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും, അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കുന്നതിന് വേണ്ടി യാതൊരു നടപടികളും എതിർകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്  നിരീക്ഷിച്ചു. 


പരാതിക്കാരന് ഉണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിൻറെ വിലയായ 43,999/- രൂപ തിരികെ നൽകുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളിൽ 35,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികളായ വൺപ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് ജിഷ ജി രാജ് കോടതിയിൽ ഹാജരായി.

Advertisment