/sathyam/media/media_files/2025/01/27/zs1irwLfP4iMa1hS2Pwz.jpg)
കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത് ബയർ-സെല്ലർ സം​ഗമം കൊച്ചിയിൽ നടക്കും.
ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന സ്ഥാപകദിനാഘോഷ മേളയിലാണ് സം​ഗമം.
കർഷക-സ്വയം സഹായ സംഘങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാര-വിതരണ ഡീലുകൾ ഉറപ്പിക്കാനും അവസരമുണ്ടാകും. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ്(കെവികെ) നേതൃത്വം നൽകുന്നത്.
ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള ലോഞ്ചിങ് സെഷനുകൾ, അനുഭവങ്ങൾ പങ്കിടുന്നതിനുള്ള അവസരങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള പുത്തൻ വിപണന തന്ത്രങ്ങളിൽ വിദഗ്ധരുടെ ക്ളാസുകൾ എന്നിവയും സം​ഗമത്തിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കെവികെയെ ബന്ധപ്പെടുക. ഫോൺ 8590941255.