കൊച്ചി: ഭർത്താവിൽനിന്നു വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കു ചെറിയ മാസവരുമാനമുണ്ടെന്ന പേരിൽ അവർക്ക് അർഹതപ്പെട്ട ജീവനാംശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി.
ജീവനാംശം നിഷേധിച്ചുള്ള പത്തനംതിട്ട കുടുംബക്കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
ജീവനാംശം തീരുമാനിക്കാൻ നിർദേശിച്ച കേസ് കുടുംബക്കോടതിയിലേക്കു തന്നെ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് മടക്കിയിട്ടുണ്ട്.
ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകൾക്ക് ജീവനാംശം നൽകാൻ പിതാവിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി വിലയിരുത്തി.
ഭർത്താവിനൊപ്പം ജീവിച്ചപ്പോഴുള്ള അതേ നിലവാരത്തിൽ ജീവിക്കാൻ ഭാര്യയ്ക്കും മകൾക്കും അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
ഭർത്താവിനു ഒമ്പതു ലക്ഷം രൂപ മാസ വരുമാനവും പുറമെ എൽഐസി പെൻഷൻ ഫണ്ടിൽ വലിയ നിക്ഷപമുണ്ടെന്നും മകൾക്കും തനിക്കുമായി 45,000 രൂപ മാസം ജീവനാംശമായി വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം.
എന്നാൽ ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകൾക്കു പ്രായപൂർത്തിയായതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നുമാണ് ഭർത്താവിന്റെ നിലപാട്.
ഭാര്യയുടേത് താൽക്കാലിക ജോലിയാണെന്നും തുച്ഛമായ വരുമാനമാണുള്ളതെന്നും കോടതി വിലയിരുത്തി. മകൾ പ്രായപൂർത്തിയായ ആളാണെന്നത് ജീവനാംശം ആവശ്യപ്പെടുന്നതിനു തടസ്സമല്ല.
ഇക്കാര്യത്തിൽ കുടുംബം പോറ്റാൻ കഴിയില്ലെന്നും നിയമപരമായ ചുമതലകൾ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് ഭർത്താവിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.