കൊച്ചി: ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായ ഒഴിവില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയേക്കും.
മുനമ്പം പ്രശ്നത്തില്‍ ഉള്‍പ്പെടെ ബിജെപിക്കുവേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തുകയും സമര നേതൃത്വം ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്ത ജിജിയോട് സംസ്ഥാന നേതൃത്വത്തിന് മതിപ്പുണ്ട്.
കെ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാനും സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. അതേസമയം പുതിയ പ്രസിഡന്‍റിനെ കൊണ്ടുവന്ന് പകരം സംവിധാനങ്ങളും ആലോചനയിലുണ്ട്.
സംഘപരിവാറില്‍ സംഘടനകളിലെ 35 വര്‍ഷത്തെ ഫുള്‍ടൈം പ്രവര്‍ത്തന പരിചയമാണ് ജിജിക്ക് തുണയാകുക.
രണ്ട് തവണകളായി 7 വര്‍ഷം ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്നു. അതിന് മുമ്പ് ജില്ലാ, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായതോടെ സംസ്ഥാന ഭാരവാഹിത്വത്തില്‍ തുടരാന്‍ അദ്ദേഹത്തിന് പരിമിതികളുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ജോര്‍ജ് കുര്യന്‍ ഒഴിവാകുമ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി പരിഷത്ത് കാലം മുതല്‍ അദ്ദേഹത്തെപ്പോലെ ഫുള്‍ടൈമറായ നേതാവാണ് ജിജി ജോസഫ്.
സ്വദേശി ജാഗരണ്‍ മഞ്ചിലും ഇദ്ദേഹം രണ്ട് വര്‍ഷം ഫുള്‍ടൈമറായിരുന്നു. നാല് ജനറല്‍ സെക്രട്ടറിമാരാണ് ബിജെപിക്കുള്ളത്. എംടി രമേശ്, കൃഷ്ണകുമാര്‍, സുധീര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എറണാകുളം സ്വദേശിയാണ് ജിജി.