Advertisment

മുനമ്പം കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല. ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ അധികാരമില്ല

മുനമ്പത്തെ താമസക്കാരുടെ താൽപര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ശുപാർശകളാകും കമ്മീഷൻ നൽകുക.

New Update
munapam

കൊച്ചി: മുനമ്പം ഭൂമി തർക കേസിൽ സ്വന്തം ശുപാർശകൾ നടപ്പിലാക്കാൻ കമ്മീഷന് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Advertisment

ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ജുഡീഷ്യൽ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ സ്ഥാപനമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. 

ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളത്തെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചത്.

മുനമ്പത്തെ താമസക്കാരുടെ താൽപര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ശുപാർശകളാകും കമ്മീഷൻ നൽകുക. ശുപാർശകൾ നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ കമ്മീഷന് അധികാരമുണ്ടാകില്ല.


കമ്മീഷൻ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങളിലോ തർക്കങ്ങളിലോ വിധി പറയാൻ അധികാരമില്ല. 


സർക്കാരിന് നടപടിയെടുക്കാൻ ആവശ്യമായ വസ്തുതകൾ നൽകുക എന്നതുമാത്രമാണ് കമ്മീഷൻ നൽകുന്ന റിപ്പോർട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കാര്യമായ പഠനം നടത്തിയിട്ടാണോ കമ്മീഷനെ നിയോഗിച്ചതെന്ന്  സംശയമുണ്ടെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.

മുനമ്പം കമ്മീഷനായി സർക്കാർ നിയമിച്ച  ജസ്റ്റീസ് സി എൻ രാമചന്ദ്രൻനായർ കഴിഞ്ഞ ദിവസം നടപടിക്രമങ്ങളുടെ ഹിയറിങ് പൂർത്തിയാക്കിയിരുന്നു. അടുത്തമാസം ഇരുപത്തിയെട്ടിനകം റിപ്പോർട്ട് സമർപ്പിക്കും.

 

 

Advertisment