കൊച്ചി: സാംസ്കാരിക പൈതൃകങ്ങളെയും അവശിഷ്ടങ്ങളെയും സംരക്ഷിക്കുന്നതിനായി ചൈനയിൽ നടന്ന 9-ാമത് ദ സെന്റർ ഓഫ് ഹെവൻ ആൻഡ് എർത്ത് കൾച്ചറൽ ഹെറിറ്റേജ് അന്താരാഷ്ട കാർട്ടൂൺ മത്സരത്തിൽ ചിത്രകാരൻ സി.ബി ഷിബുവിന് പുരസ്കാരം.
ഷിബുവിന്റെ "പഴമയെ സംരക്ഷിക്കൂ'' എന്ന ചിത്രം സിൽവർ പ്രൈസ് നേടി. 5,000 ചൈനിസ് യുവാനും (58,500 ഇന്ത്യൻ രൂപ) പ്രശസ്തിപത്രവുമാണ് അവാർഡ്.
റൊമാനിയൻ കലാകാരൻമാരായ കോൻസ്റ്റാന്റിൻ പവലിന് ഗ്രാൻഡ് പ്രൈസും, ഗബ്രിയേൽ റുസുന് ഗോൾഡ് പ്രൈസും ലഭിച്ചു." സാംസ്കാരികപൈതൃകം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് '' ഇതായിരുന്നു ഈ വർഷത്തെ വിഷയം.
സാംസ്കാരിക പൈതൃകത്തിന്റെയും അവശിഷ്ടസംരക്ഷണത്തിന്റെയും ഉയർന്ന നിലവാരത്തിലുള്ള വികസനം വർദ്ധിപ്പിക്കുന്നതിനായി ഷെങ്ഷോ ഇൻസ്റ്റ്റ്റൂട്ട് ഓഫ് കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ആർക്കിയോളജിയും, ഹെനാൻ കാർട്ടൂണിസ്റ്റ് അസോസിയേഷനും സംയുക്തമായിട്ടാണ് എല്ലാവർഷവും മത്സരം നടത്തുന്നത്.
ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടി ലോകത്ത് ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് സി.ബി ഷിബു. 2007-ൽ തുർക്കിയിൽ നിന്നും കാർട്ടൂൺ കലയിലെ ഓസ്കർ അവാർഡ് നേടി. 2010-ൽ സൗത്ത് കൊറിയയിൽ നിന്നും ഓണറബിൾ ബഹുമതി.
/sathyam/media/media_files/2025/01/29/cb-shibu-cartoon.jpg)
2014-ൽ ബെൽജിയത്തിൽ നടന്ന നോക്ക് ഫീസ്റ്റ് അന്തർദേശീയ കാർട്ടൂൺ മേളയിൽ രാജ്യത്തെ പ്രിതിനിധീകരിക്കാൻ ക്ഷണം. 2018-ൽ തുർക്കിയിൽ നിന്നും ഔവർ ഹെറിറ്റേജ് ജറുസലേം ഇന്റർ നാഷ്ണൽ കാർട്ടൂൺ അവാർഡ്.
2022-ൽ ആഥൻസിലെ ഡാഫ്നി-യ്മിട്ടോസ് മുൻസിപ്പാലിറ്റിയുടെ മെറിറ്റ് അവാർഡ്. ആ വർഷം തന്നെ ചൈന പീപ്പിൾസ് ഗവൺമെന്റിന്റെ വെള്ളിമെഡൽ.
2023 -ൽ ഇറ്റലിയിൽ നടന്ന അന്താരാഷ്ട ഉമോറിസ്മോ നെൽ ആർട്ട് ബിനാലെയിൽ രണ്ടാംസ്ഥാനം. ഇവയൊക്കെ ഷിബുവിന് ലഭിച്ചിട്ടുള്ള പ്രധാനപ്പെട്ട ബഹുമതികളാണ്.
നിരവധി രാജ്യങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഷിബുവിന്റെ കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ചുകൊണ്ട് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു.
ഡ്രോയിംഗിലും പെയിന്റിംഗിലും ഫൈൻ ആർട്ട് ഡിപ്ലോമ നേടിയിട്ടുണ്ട്. ചെറിയപാടത്ത് പരേതനായ സി.എൻ. ബാലന്റെയും ശാന്താമണിയുടെയും മകനായ സി.ബി. ഷിബു ചിത്രകാരനും ഫോട്ടോഗ്രാഫറുമാണ്.