കൊച്ചി: 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പരാതിയുമായി അമ്മ. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യർത്ഥി മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിരിക്കുന്നത്.
മകൻ ക്രൂരമായ റാഗിങ്ങിനിരയായെന്ന് അമ്മ പരാതിയിൽ പറയുന്നു. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചുവെന്നും കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പരാതിയിലുണ്ട്.
ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്യുകയും കുട്ടിയെ ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തെന്ന് പരാതിയിൽ പരാമർശിക്കുന്നു.
കുട്ടിയുടെ മരണശേഷം സുഹൃത്തുക്കളുമായി നടത്തിയ സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.
സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും കുടുംബം പരാതി നൽകി.
സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നു. തൃപ്പൂണിത്തുറ ചോയ്സ് ടവറിൽ താമസിക്കുന്ന സരിൻ- രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്.
മുകളിൽ നിന്ന് വീണ മിഹിർ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.