Advertisment

ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ സെന്‍സേഴ്സ് ആന്‍ഡ് ആക്ചുവേറ്റേഴ്സ് ദ്വിദിന സമ്മേളനം കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സെക്രട്ടറി എസ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആഗോള സെന്‍സര്‍ വിപണി പ്രയോജനപ്പെടുത്താന്‍ ഉപകരണഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം - ദ്വിദിന അന്താരാഷ്ട്ര സമ്മേളനം

New Update
infopark convension

കൊച്ചി: ഉപകരണഭാഗങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും അതുവഴി ആഗോളതലത്തിലുള്ള സെന്‍സര്‍ ഉപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്ന സെന്‍സേഴ്സ് ആന്‍ഡ് ആക്ചുവേറ്റേഴ്സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Advertisment

മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ്(എംഇഎംഎസ്), സെന്‍സര്‍ മേഖലയില്‍ ഇന്ത്യക്ക് അനന്തമായ സാധ്യതയാണുള്ളതെന്നും സമ്മേളനത്തിന്‍റെ ആദ്യദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

infopark convension-4

ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇലക്ട്രോണിക്സ് ഉപകരണഭാഗങ്ങളുടെ വലിയ നിര്‍മ്മാണ കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തൃശൂരിലെ സെന്‍റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി(സി-മെറ്റ്), കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗം, ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എല്‍സിന), ഇന്‍റലിജന്‍റ് ഐഒടി സെന്‍സറിന്‍റെ മികവിന്‍റെ കേന്ദ്രം, ഇന്ത്യ ഇനോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രഫീന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
മൂല്യവര്‍ധിത ശൃംഖല, ഉപകരണഭാഗ നിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ പറഞ്ഞു.

infopark convension-2

വ്യവസായങ്ങളും അക്കാദമിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ഏറെ പ്രധാനമാണ്. സാങ്കേതികവിദ്യ തയ്യാറായിരിക്കുന്ന പ്രൊജക്ടുകള്‍ക്ക് മന്ത്രാലയം ധനസഹായം നല്‍കുന്നുണ്ട്. 

രാജ്യത്തെ സെമികണ്ടക്ടര്‍ മേഖലയ്ക്ക് അമ്പതു ശതമാനം സര്‍ക്കാര്‍ ധനസഹായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ആക്സിലറേറ്ററുകള്‍, വ്യവസായങ്ങള്‍ എന്നിവയെ ഒന്നിച്ചു കൊണ്ടുവരേണ്ടതുണ്ട്. ആശയങ്ങള്‍ ഉത്പന്നങ്ങളായി മാറുമെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികവിന്‍റ കേന്ദ്രമായ ഇന്‍റലിജന്‍റ് ഐഒടി തയ്യാറാക്കിയ സെന്‍സര്‍ ബുക്ക്ലെറ്റ് എസ് കൃഷ്ണന്‍ പ്രകാശനം ചെയ്തു.
രാജ്യത്തെ പ്രതിഭകളുടെ വലിയ സമൂഹത്തെ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് പരിപാടിയില്‍ പങ്കെടുത്ത സ്വീഡനിലെ ലിങ്കോപിങ് സര്‍വകലാശാലയിലെ പ്രൊഫ. എഡ്വിന്‍ ജാഗര്‍ പറഞ്ഞു. 

infopark convension-3

ഇന്ത്യയിലെയും സ്വീഡനിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ സാര്‍ഥകമായ സഹകരണം ഇക്കാര്യത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രൂപകല്‍പ്പനയിലും ഉത്പാദനത്തിലും രാജ്യം സ്വയം പര്യാപ്തത നേടണമെന്ന് എല്‍സിന പ്രസിഡന്‍റ് എന്‍ രാംചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

300 ബില്യണ്‍ യു എസ് ഡോളറിന്‍റെ വിപണിയില്‍ ഇന്ത്യയ്ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. ഇന്ത്യയിലെ വിപണി തന്നെ 20,000 കോടി രൂപയുടേതാണ്. 

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ഇതിനകം തന്നെ പത്ത് മികവിന്‍റെ കേന്ദ്രങ്ങള്‍ ഈ വിഭാഗത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രാറ്റജീസ് ഫോര്‍ മാനുഫാക്ചറിംഗ് ഓഫ് ഇന്‍ഡിജീനിയസ് സെന്‍സേഴ്സ് ആന്‍ഡ് അസോസിയേറ്റഡ് കംപോണന്‍റ്സ് ആന്‍ഡ് സിസ്റ്റംസ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ എസ് കൃഷ്ണന്‍, എന്‍ രാംചന്ദ്രന്‍, സി-മെറ്റ് ശാസ്ത്രജ്ഞ ഡോ. എ സീമ, കാലിക്കറ്റ് സര്‍വകലാശാല പ്രൊഫ. യാഹ്യ എ ഐ, ടെലികോം ഡയറക്ടര്‍ നന്ദിനി ബാലസുബ്രഹ്മണ്യം, ഐഎംഇസി ഇന്ത്യ പ്രതിനിധികളായ ജതിന്ദര്‍ സിംഗ്, രവി ഭട്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പ്രൊഫ. എഡ്വിന്‍ ജാഗര്‍, കാര്‍ട്ടാജെന സര്‍വകലാശാലയിലെ പ്രൊഫ. തോര്‍ബിയോ ഫെര്‍ണാണ്ടസ്, എന്‍ഐടി റൂര്‍ക്കലയിലെ പ്രൊഫ. സൗഗധ കുമാര്‍ കാര്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫ. എന്‍ കെ രേണുക തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു. 

വിവിധ ടെക്നോളജി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സമ്മേളനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

Advertisment