/sathyam/media/media_files/2025/02/01/Jlryvv1n3wsQuF8B7qOF.jpg)
കൊച്ചി: മത്സ്യപ്രേമികളെയും നാടൻ ഉൽപന്നങ്ങൾ തേടുന്നവരെയും ഒരുപോലെ ആകർഷിച്ച് കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ത്രിദിന മത്സ്യമേളക്ക് തുടക്കമായി. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രർശനം, ബയർ-സെല്ലർ സം​ഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങൾ.
/sathyam/media/media_files/2025/02/01/r8OiiFUgOY3hGuCDVg0M.jpg)
കല്ലുമ്മക്കായ ബിരിയാണി, സാ​ഗരസദ്യ, ചെമ്മീൻ പിടി, കരിമീൻ പൊള്ളിച്ചത് തുടങ്ങി കടൽ-കായൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മേളയിലെ സീഫുഡ് ഫെസ്റ്റ്. ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയ കായൽ മുരിങ്ങയും (ഓയിസ്റ്റർ) വൈവിധ്യങ്ങളായ പലഹാരങ്ങളും ലഭ്യമാണ്.
/sathyam/media/media_files/2025/02/01/rJ5U6X0w7n2rqKEXmcAc.jpg)
നാടൻ ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് കർഷക സംഘങ്ങൾ നേരിട്ടെത്തിക്കുന്ന നാടൻ ഉൽപന്നങ്ങളാണ് മേളയിലെ മറ്റൊരു ആകർഷണം. മേളയുടെ ഭാ​ഗമായ ബയർ-സെല്ലർ സം​ഗമത്തിലാണ് ഈ ഉൽപന്നങ്ങൾ ലഭ്യമാകുന്നത്. എറെ ആവശ്യക്കാരുള്ള ആലങ്ങാടൻ ശർക്കര, മുരിങ്ങ പുട്ട്പൊടി, ചെറുധാന്യ പോഷകമിശ്രിതം, ബനാന ഹൽവ, ചക്കപ്പൊടി, പൊക്കാളി ഉൽപന്നങ്ങൾ, കൂൺ, തേൻ, എണ്ണകൾ, സു​ഗന്ധവ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ തുടങ്ങി ധാരാളം തദ്ദേശീയ ഉൽപന്നങ്ങൾ ലഭ്യമാണ്. കർഷക സം​ഘങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കലും വ്യാപാര-വിതരണ കരാർ ഉറപ്പാക്കലും ബയർ-സെല്ലർ സം​ഗമം ലക്ഷ്യമിടുന്നു.
വാങ്ങാം വർണമത്സ്യങ്ങൾ നിറവൈവിധ്യവും ആകാരഭം​ഗിയുമുള്ള അലങ്കാരമത്സ്യങ്ങളുടെ വിൽപനയും മേളയിലുണ്ട്. അരൊവണ, ഡിസ്കസ്, ഓസ്കാർ തുടങ്ങി അനേകം മത്സ്യയിനങ്ങൽ ലഭ്യമാണ്. കൂടാതെ, കരിമീൻ കുഞ്ഞുങ്ങളും ലഭിക്കും.കൂടാതെ, പച്ചക്കറിതൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയവയും മേളയുടെ ഭാ​ഗമാണ്.
/sathyam/media/media_files/2025/02/01/wshDYD5of42QE3PEKOUV.jpg)
ഫിഷറീസ് അനുബന്ധ മേഖലയിലെ ​ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളുടെ പ്രദർശനവും മേളയിലുണ്ട്. മേളയുടെ ഉദ്ഘാടനം ബം​ഗളൂരുവിലെ അ​ഗ്രികൾച്ചർ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ വി വെങ്കടസുബ്രമണ്യൻ ഉദ്​ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ​ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. നബാർഡ് ഡെവലപ്മെന്റ് മാനേജർ അജീഷ് ബാലു, സിഎംഎഫ്ആർഐ ഷെൽഫിഷ് വിഭാ​ഗം മേധാവി ഡോ എ പി ദിനേശ്ബാബു, ഡോ ഷോജി ജോയ് എഡിസൻ, ഡോ സ്മിത ശിവദാസൻ പ്ര​സംഗിച്ചു. രാവിലെ 10 മുതൽ രാത്രി വരെയാണ് മേളയുടെ സമയം.
കാർഷിക വിളകളിൽ ഡ്രോൺ ഉപയോ​ഗ സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രദർശനം ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. നെൽകൃഷി, പൈനാപ്പിൾ കൃഷിയിടങ്ങളിൽ സമയവും ചിലവും കുറയക്കാനും കൃഷി നാശം അളക്കാനും ഡ്രോണിന്റെ ഉപയോ​ഗ സാധ്യതകൾ വിദ​ഗ്ധർ വിശദീകരിച്ചു.
ഓപൺ ഹൗസിന്റെ ഭാഗമായി, മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. സിഎംഎഫ്ആർഐ മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us