പെരുമ്പാവൂർ: ചേരാനല്ലൂർ തൊഴലിത്തറവാട്ടിലെ ഇരട്ടസഹോദരന്മാരായ അരുണിന്റെയും ആനന്ദിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.
ഇരുവരുടെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചെത്തിയ, കൊല്ലം അഞ്ചൽ കോട്ടുക്കലിൽ നിന്നുള്ള ആര്യയും ആർദ്രയും ഇരട്ടസഹോദരിമാർ.
വിവാഹാനന്തരച്ചടങ്ങുകളിൽ ഇരട്ട വധൂവരന്മാരെക്കാണാൻ കൗതുകത്തോടെയാണതിഥികളെത്തിയത്.
ചേരാനല്ലൂർ തൊഴലി വീട്ടിൽ അശോകന്റെയും രമണിയുടെയും മക്കളായ
അരുണിനും ആനന്ദിനും ഒരേയൊരു നിർബ്ബന്ധമുണ്ടായിരുന്നു, തങ്ങളുടെ ജീവിതസഖികളായെത്തുന്നവരും ഇരട്ടകളായിരിക്കണമെന്ന്.
24 വയസ്സുമുതൽ മക്കളെ കല്ല്യാണം കഴിക്കാൻ നിർബ്ബന്ധിച്ചെങ്കിലും തീരുമാനത്തിൽ നിന്നും മക്കളിരുവരും പിന്നാക്കം പോയില്ല.
ആലോചനകൾ നിരവധി വന്നെങ്കിലും ഒടുവിൽ ഇരട്ടകളെത്തന്നെ മക്കൾക്കു കണ്ടെത്താനായ ആശ്വാസത്തിലും സന്തോഷത്തിലുമാണ് അച്ഛനുമമ്മയും.
കോട്ടുക്കൽ സോമൻ ഉണ്ണിത്താന്റെയും ജയയുടെയും മക്കളായ ആര്യയെയും ആർദ്രയെയും വരണമാല്യം ചാർത്തി ജീവിതത്തിലേയ്ക്ക് കൈപിടിച്ചു. ആര്യയും ആർദ്രയും തങ്ങളുടെ ഭർത്താക്കന്മാർ ഇരട്ടകളായിരിക്കണമെന്ന ആഗ്രഹമുള്ളവരായിരുന്നു.
നിശ്ചയം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമായിരുന്നു വിവാഹം. അരുൺ ആര്യയെയും ആനന്ദ് ആർദ്രയെയും വിവാഹം കഴിച്ചു.
ഇറ്റലിയിലാണ് അരുണിന് ജോലി. ആനന്ദ് ആലുവയിലെ കനക പോളിമേഴ്സിൽ ജോലിക്കാരനാണ്. ബിഎഡ് ബിരുദധാരികളാണ്, ആര്യയും ആർദ്രയും. ഇംഗ്ലിഷ് അക്കാദമി എന്ന പേരിൽ സ്വന്തം നാട്ടിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുകയായിരുന്നു ഇരുവരും.