കൊച്ചി: ഒമ്പതാംക്ലാസ് വിദ്യാർത്ഥി മിഹിർ അഹ്മദ് താമസസ്ഥലത്തെ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. മിഹിറിന്റെ മരണത്തിൽ രണ്ട്ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്കൂളുകളോട് എൻ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.
മിഹിർ പഠിച്ച സ്കൂളിനോട് എൻ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതർ ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. എൻ.ഒ.സി ഹാജരാക്കുന്നതിന് സ്കൂൾ അധികൃതർക്ക് സമയം നൽകും. എന്നാൽ ഹാജരാക്കിയില്ലെങ്കിൽ ഉടൻ തുടർനടപടിയിലേക്ക് നീങ്ങുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറഞ്ഞു.
സി.ബി.എസ്.ഇ ആയാലും ഐ.സി.എസ്.ഇ ആയാലും കേരളത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ആവശ്യമാണ്. അതിൽ സർക്കാർ ഇതുവരെ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. അടിയന്തിരമായി മൂന്ന് കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്.
ഒന്ന് മിഹിറിന് അപകടം സംഭവിച്ച കാര്യം, രണ്ട് കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത്. സ്‌കൂളുകളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നിവ സംബന്ധിച്ചാണ് മൂന്നാമതായി പരിശോധിക്കുക.
ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചപോലെ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകാതെയുള്ള നയമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുക. മിഹിര്‍ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളില്‍നിന്നും വലിയ പീഡനം ഉണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു.