കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ 'ചന്ദര്‍ കുഞ്ച്' എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് ഹൈക്കോടതി പൊളിക്കാൻ നിർദ്ദേശഇച്ചത്.
മൂന്ന് ടവറുകളിലായി ആകെ 264 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിട്ടാണ് 2018ൽ ഈ ഫ്ലാറ്റ് നിര്‍മ്മിച്ചത്.
ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ബി,സി ടവറുകളാണ് പൊളിച്ച് പുതുക്കി പണിയേണ്ടതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
രണ്ട് ടവറുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയത് നിര്‍മ്മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫ്ലാറ്റുകളിലെ താമസക്കാര്‍ പുതിയ ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വാടക നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 രൂപ മുതല്‍ 23000 രൂപ വരെ പ്രതിമാസ വാടക നല്‍കണമെന്നാണ് നിര്‍ദ്ദേശം.