കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യമലകൾ നീക്കംചെയ്ത ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്.
മേയർ എം. അനിൽ കുമാറിനും പി.വി. ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ മന്ത്രിതന്നെയാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബ്രഹ്മപുരത്ത് വേണമെങ്കിൽ ഇപ്പോൾ ക്രിക്കറ്റ് കളിക്കാം…. മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് മേയർ എം അനിൽ കുമാറിനും പി വി ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോൾ… എന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പതിറ്റാണ്ടുകളായി ബ്രഹ്‌മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75 ശതമാനവും നിലവില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും 18 ഏക്കര്‍ ഭൂമി ഇങ്ങനെ വീണ്ടെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ പോസ്റ്റിന് താഴെയായി മേയർ അനിൽകുമാർ കമന്റുമായി എത്തി. ‘അതേ നമ്മൾ ആത്മാത്ഥമായി ജോലി തുടരും. ജനങ്ങൾക്ക് വേണ്ടി നന്ദി’ എന്നായിരുന്നു മേയർ മന്ത്രിയുടെ പോസ്റ്റിന് താഴെ കുറിച്ചത്.
ബ്രഹ്‌മപുരത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ബ്രഹ്‌മപുരത്ത് പുറത്തും അകത്തും നിലവാരമുള്ള റോഡുകൾ ഉണ്ടാക്കും.
ഏഴുമീറ്റർ വീതിയിൽ സൈക്കിൾട്രാക്കും ഫുട്പാത്തും ഗ്രീൻ ബെൽറ്റും അടങ്ങുന്നതാവും പുഴത്തീരത്തുകൂടിയുള്ള റിങ് റോഡ്. അകത്തുള്ള റോഡിനും ഏഴു മീറ്ററായിരിക്കും വീതി.