Advertisment

തീരദേശ വീടുകളിലെ വെള്ളക്കെട്ടിന് പരിഹാരം. ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ നടത്തും. ഡ്രെഡ്ജ് ചെയ്ത മണല്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കും

ചെല്ലാനത്ത് ഒരു കൃത്രിമ ബീച്ച് നിർമ്മിക്കുന്നതിന് മണൽ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും.

New Update
drenching

കൊച്ചി: കൊച്ചിയിൽ വേമ്പനാട്ട് കായലിന്റെ തീരങ്ങളിൽ താമസിക്കുന്നവർ അനുഭവിക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിൽ പരിഹാരം കാണാൻ വ്യവസായ മന്ത്രി പി രാജീവ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. 

Advertisment

കായിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ തീരുമാനമായി. 

വെള്ളക്കെട്ട് ഒഴിവാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ നടപ്പിലാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി. ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അതാത് പഞ്ചായത്തുകളിൽ നിന്ന് ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കും.

കായലിൽ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് മന്ത്രി കൊച്ചി തുറമുഖ അതോറിറ്റിയുമായി ചർച്ച നടത്തും. വെള്ളക്കെട്ടുള്ള മേഖലകളിൽ ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കാൻ തുറമുഖ അധികൃതരോട് സർക്കാർ ആവശ്യപ്പെടും. 

ഡ്രെഡ്ജ് ചെയ്ത മണൽ പദ്ധതികൾക്കായി ഉപയോഗിക്കുന്നതിൽ ദേശിയ പാത അതോറിറ്റി(എൻഎച്ച്എഐ) യുമായി ചർച്ച നടത്തും.

ചെല്ലാനത്ത് ഒരു കൃത്രിമ ബീച്ച് നിർമ്മിക്കുന്നതിന് മണൽ ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വെള്ളക്കെട്ട് ഉണ്ടാകുന്നത് ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹായം തേടാനും യോഗം തീരുമാനിച്ചു.

 

Advertisment